മട്ടന്നൂർ: സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മട്ടന്നൂരിൽ മുൻസിഫ് കോടതി അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് 17 വർഷം കഴിഞ്ഞിട്ടും തുടർപ്രവർത്തനം ഫയിലിലുറങ്ങുന്നു. 2004-ലാണ് സർക്കാർ ഉത്തരവിറക്കിയത്. 2016-ൽ ഉത്തരവ് പുതുക്കിയെങ്കിലും കോടതി പ്രവർത്തനം ആരംഭിക്കാനുള്ള നടപടി അനിശ്ചിതമായി നീളുകയാണ്.

ഇരിട്ടി താലൂക്കിലെ നീതിന്യായ ആസ്ഥാനമെന്ന നിലയ്ക്ക് മട്ടന്നൂരിൽ മുൻസിഫ് കോടതിക്കു പുറമേ അഡീഷണൽ ജില്ലാ കോടതിയും സബ് കോടതിയും വേണമെന്ന് ആവശ്യപ്പെട്ടു മട്ടന്നൂർ ബാർ അസോസിയേഷൻ മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരുന്നു. 2004ൽ ഹൈക്കോടതി അനുമതി നൽകിയ മുൻസിഫ് കോടതി ഉടനെ പ്രവർത്തനം തുടങ്ങണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിയെ സമീപിച്ചപ്പോൾ മട്ടന്നൂരിൽ മുൻസിഫ് കോടതി അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ട കാര്യം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിച്ച് എത്രയും പെട്ടെന്ന് നടപടി എടുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടും മാസങ്ങളായി.

കഴിഞ്ഞ മന്ത്രിസഭാ കാലത്ത് മന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ ശ്രമഫലമായി നിലവിലെ മജിസ്ട്രേറ്റ് കോടതിയുടെ മുകളിൽ കെട്ടിടം പണിയുന്നതിനു പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. അത് അനുമതിക്കായി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. കോടതി സമുച്ചയം പണിയാനുള്ള സ്ഥലസൗകര്യം മട്ടന്നൂരിലുണ്ട്. മജിസ്ട്രേറ്റ് കോടതി കെട്ടിടം ഉൾപ്പെടുന്ന 54 സെന്റ് ഭൂമിയുണ്ട്. സമീപത്തു തന്നെ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനാൽ കൂടുതൽ സൗകര്യമാകും. കോടതി സമുച്ചയം പണിയാൻ വേണ്ടത്ര സ്ഥലം ഉണ്ടോ എന്നറിയുന്നതിനു ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു.

സ്ഥലമൊക്കെയുണ്ട്,​ വേണ്ടത് അനുമതിയാണ്

മൂന്ന് പുതിയ കോടതികളും ജുഡീഷ്യൽ ക്വാർട്ടേഴ്സുകളും പണിയാൻ അനുയോജ്യമായ സ്ഥലം മട്ടന്നൂരിൽ നിലവിലുണ്ട്. മലയോര മേഖലയിൽ നിന്ന് ഇപ്പോൾ കൂത്തുപറമ്പ് മുൻസിഫ് കോടതിയെയാണ് സിവിൽ കേസുകൾക്ക് ജനങ്ങൾ ആശ്രയിക്കുന്നത്. മുൻസിഫ് കോടതിക്ക് പുറമെ ഒരു സബ് കോടതിയും അഡീഷണൽ ജില്ലാ കോടതിയും കുടുംബ കോടതിയും മട്ടന്നൂരിൽ പുതുതായി തുടങ്ങണമെന്നാണ് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് ഹൈക്കോടതി റജിസ്ട്രാർ തലശ്ശേരി ജില്ലാ കോടതിയോടും മട്ടന്നൂർ മജിസ്ട്രേറ്റിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. കോടതി സമുച്ചയം പണിയാൻ വേണ്ട സ്ഥലസൗകര്യമുണ്ടോ എന്നറിയുന്നതിനാണ് റിപ്പോർട്ട് തേടിയത്. ഈ ആവശ്യം ഉന്നയിച്ച് കെ.കെ. ശൈലജ എം.എൽ.എക്കും ബാർ അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്.