silver

അടുത്ത ആഴ്ച കാസർകോട്ട്

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ സാമൂഹികാഘാത പഠനം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. ജില്ലയിൽ കണക്കാക്കിയ ഒഴിപ്പിക്കപ്പെടേണ്ട വീടുകളുടെ എണ്ണം അയ്യായിരത്തിൽനിന്നും നാലായിരത്തോളമായി കുറയുമെന്നാണ് സർവ്വേയിൽ നൽകുന്ന സൂചന. ഇരുപതു ശതമാനത്തോളം വീട്ടുകാരുടെ വിവര ശേഖരണവും പൂർത്തിയായി.

ഏഴോം പഞ്ചായത്തിലെ സർവേ പൂർത്തീകരിച്ചു. കുഞ്ഞിമംഗലം, പാപ്പിനിശേരി, കണ്ണപുരം എന്നിവിടങ്ങളിലെ വിവര ശേഖരണമാണ് ഇപ്പോൾ നടന്നുവരുന്നത്. മാടായിയിലും വളപട്ടണത്തും അടുത്ത ദിവസം തുടങ്ങും. കാസർഗോഡ് ജില്ലയിൽ അടുത്തയാഴ്ചയോടെ സർവ്വെ തുടങ്ങാനാണ് ആലോചന.

പദ്ധതി വേണോ വേണ്ടയോ എന്ന ചോദ്യം ഈ പഠനത്തിന്റെ ഭാഗമായി ഇല്ല. ഇതുവരെയുള്ള സർവേയിൽ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവരുമുണ്ട്.

ആശങ്കകളും അവ്യക്തതകളും

ഒരു വീട് പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യമാണെങ്കിൽ അതിന്റെ പ്രത്യാഘാതമാണ് ഇവർ അന്വേഷിക്കുന്നത്.

ചിലർക്ക് പ്രതിഫലമായി കിട്ടുന്ന തുക മറ്റവകാശികൾക്ക് വീതം വച്ചുപോയാൽ മറ്റൊരു വീട് നിർമ്മിക്കാനാകുമോയെന്ന ആശങ്കയുമുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ പ്രത്യാഘാതങ്ങളാണ് ഓരോ കുടുംബങ്ങൾക്കുമുള്ളത്. ഇത്തരം കാര്യങ്ങൾ തുറന്നുപറയുമ്പോൾ അത്തരം കാര്യങ്ങൾ സമാഹരിച്ച് റിപ്പോർട്ടുണ്ടാക്കുകയാണ് സർവ്വേ സംഘം ചെയ്യുന്നത്.

സിൽവർ ലൈൻ കടന്നു പോകുന്ന കണ്ണൂരിലെ വില്ലേജുകൾ

കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, എളയാവൂർ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശേരി, വളപട്ടണം, കല്യാശേരി (കണ്ണൂർ താലൂക്ക്)​ ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ (പയ്യന്നൂർ താലൂക്ക്)​ ധർമടം, കോടിയേരി, തലശേരി, തിരുവങ്ങാട്, ന്യൂമാഹി (തലശ്ശേരി താലൂക്ക്)​

കാസർകോട്ടെ വില്ലേജുകൾ

ഹോസ്ദുർഗ് താലൂക്കിലെ അജാനൂർ, ചെറുവത്തൂർ, തുരുത്തി, ചിത്താരി, ഹോസ്ദുർഗ്, കീക്കാൻ, കോട്ടിക്കുളം, പള്ളിക്കര, പിലിക്കോട്, മാണിയാട്ട്, ഉദുമ, പേരോൽ, നീലേശ്വരം, തെക്കെ തൃക്കരിപ്പൂർ, വടക്കേ തൃക്കരിപ്പൂർ, ഉദിനൂർ, കാഞ്ഞങ്ങാട്, ബല്ല, കാസർകോട് താലൂക്കിലെ കളനാട്, കുട്ലു, തളങ്കര.

പയ്യന്നൂർ നഗരസഭയിലെ വാർഡ് 22 ൽ 12 വീടുകളുടെയും 25 ൽ 17 വീടുകളുടെയും സർവേയാണ് നടന്നത്. വീടുകൾ വളരെ കുറവായ 28, 29 വാർഡുകളിലെ സർവേ ഉടൻ പൂർത്തിയാകും. സർവേയിലുൾപ്പെട്ട വീട്ടുകാർക്ക് അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാം.

ഷാജു ഇട്ടി, പ്രൊജക്ട് കോ- ഓർഡിനേർ , കേരള വളണ്ടറി ഹെൽത്ത് സർവീസ്