photo
ആദികടലായി വട്ടക്കുളത്തെ ടെന്നീസ് ബോൾ നിർമ്മാണ കമ്പനിയിലെ റബ്ബർ മാലിന്യകൂമ്പാരത്തിന് തീപിടിച്ചപ്പോൾ

കണ്ണൂർ: ആദികടലായി വട്ടക്കുളത്തെ ടെന്നീസ് ബോൾ നിർമ്മാണ കമ്പനിയിലെ റബ്ബർ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ഉത്പാദനത്തിന് ശേഷമുള്ള അസംസ്‌കൃത വസ്തുക്കളുടെ അവശിഷ്ടങ്ങൾക്കും മാലിന്യങ്ങൾക്കുമാണ് തീപിടിച്ചത്. അരമണിക്കൂറോളം തീ കത്തിപടർന്നു. കണ്ണൂരിൽ നിന്നെത്തിയ രണ്ട് ഫയർഫോഴ്‌സ് യൂണി​റ്റ് ഒരു മണിക്കൂറോളം നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് തീ നിയന്ത്റണ വിധേയമാക്കിയത്.

വേനൽ കനത്തതോടെ ജില്ലയിലെ പല ഭാഗങ്ങളിലും തീപിടുത്തം വ്യാപകമാണ്. കണ്ണൂർ ഫയർ സ്​റ്റേഷൻ പരിധിയിൽ മാത്രം ഈമാസം നാൽപതിനടുത്ത് ഫോൺ വിളികളാണെത്തിയത്. കഴിഞ്ഞ നാലിനു മാത്രം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജില്ലയിൽ ആറിടത്താണ് തീപിടുത്തമുണ്ടായത്. മാലിന്യാവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതും ഷോർട്ട് സർക്യൂട്ടുമാണ് മിക്കയിടത്തും വില്ലൻ. വാഹനങ്ങൾ കത്തുന്നതും വർദ്ധിച്ചിട്ടുണ്ട്. ചൂടുകാലത്ത് കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളിൽ വാഹനങ്ങൾ കത്താനുള്ള സാധ്യതയേറെയാണ്.