bhaskaran

ചെറുവത്തൂർ: ചുവന്ന പട്ടുടുത്ത് ആടയാഭരണങ്ങളണിഞ്ഞ്, നെറ്റിപ്പട്ടവും കൈയിൽ തിരുവായുധവുമായി ക്ഷേത്ര തിരുമുറ്റത്ത് ഉറഞ്ഞാടുന്ന കയ്യൂരിലെ ഭാസ്‌കരൻ വെളിച്ചപ്പാടനെ അറിയാത്തവർ നാട്ടിലുണ്ടാവില്ല. എന്നാൽ ഈ ദേവ നർത്തകൻ സാഹിത്യത്തിന്റെയും ഉപാസകനാണെന്ന് ജനം തിരിച്ചറിഞ്ഞത് ഈയിടെയാണ്.

കാലങ്ങളായി ഭക്തിയുടെ നിറവിൽ ഉറഞ്ഞാടിയ ഈ രക്തചാമുണ്ഡിയുടെ വെളിച്ചപ്പാടിന്റെ തൂലികത്തുമ്പിലൂടെ പ്രകാശനമായത് മികച്ചൊരു സാഹിത്യസൃഷ്ടി. നൂറ്റാണ്ടുകൾക്കു മുമ്പേ നിലനിന്നിരുന്ന ചാതുർവർണ്യമെന്ന ജാതി വ്യവസ്ഥകൾക്കെതിരെ വിരൽചൂണ്ടുകയാണ് ഭാസ്‌കരന്റെ പുതിയ നോവൽ 'വെളിച്ചത്തിന്റെ വിത്തുകൾ '.

കയ്യൂർ വിഷ്ണുമൂർത്തി മുണ്ട്യയിൽ രക്തചാമുണ്ഡിദേവിയുടെ പ്രതിപുരുഷനാണ് ഭാസ്‌കരൻ വെളിച്ചപ്പാടൻ. രണ്ടുവർഷത്തെ കാത്തിരിപ്പിലൂടെയാണ് രണ്ടാം നോവൽ പുറത്തിറക്കിയത്. കയ്യൂർ സമരത്തിന് മുമ്പേയുള്ള ഗ്രാമജീവിതമാണ് നോവലിന്റെ ഇതിവൃത്തം. ദളിതനായ യുവാവ് നായർ സ്ത്രീയെ വിവാഹം കഴിച്ചതിനു ശേഷമുണ്ടാകുന്ന വിവാദമടങ്ങിയതാണ് നോവൽ. ക്ഷേത്രകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുമ്പോഴും എഴുത്തിനെ ജീവവായു പോലെ കൊണ്ടു നടക്കുകയാണ് 57 കാരനായ ഭാസ്‌കരൻ വെളിച്ചപ്പാട്. ഓട്ടോഡ്രൈവറായിരുന്ന ഭാസ്‌കരൻ അഞ്ചുവർഷം മുമ്പാണ് വെളിച്ചപ്പാടായി ആചാരമേറ്റത്.

വെറും നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വെളിച്ചപ്പാട് കുട്ടികൾക്കുള്ള നാടകങ്ങൾ എഴുതിയായിരുന്നു സാഹിത്യലോകത്തേക്ക് കടന്നത്.

ദേവനർത്തകനായി ആചാരപ്പെടും മുമ്പ് 'ഉദയഗിരിയിലെ സന്ധ്യ' എന്ന നോവൽ പുറത്തിറക്കിയിരുന്നു. ആചാര സ്ഥാനവും സർഗാത്മകതയും ഓട്ടോതൊഴിലും രാഷ്ട്രീയ ഇടപെടലും ഇഴചേർത്ത് കൊണ്ടുപോകാം എന്നതിന്റ ഉത്തമ ഉദാഹരണം കൂടിയാണ് ഭാസ്‌കരൻ വെളിച്ചപ്പാടൻ.

അനുഭവമാണ് ഗുരു. ജീവിതത്തിൽ പകർന്നാടിയ നിരവധി വേഷങ്ങൾ, അനുഭവങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയെന്നതാണ് ലക്ഷ്യം.

ഭാസ്‌കരൻ വെളിച്ചപ്പാടൻ