കണ്ണൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് എം.എൽ.എമാർ, ദേശീയപാതാ അതോറിറ്റി എൻജിനീയർമാർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ പ്രത്യേക യോഗം വിളിച്ച് ചേർക്കും. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എം.എൽ.എമാർ ഉന്നയിച്ച വിവിധ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ സോളാർ ലൈറ്റുകളുടെ അറ്റകുറ്റപണികൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ ഡി.പി.ആർ തയ്യാറാക്കാൻ അനെർട്ടിന് ഒരവസരം കൂടി നൽകാനും അല്ലാത്തപക്ഷം മറ്റ് ഏജൻസികളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് കത്തെഴുതാനും യോഗം തീരുമാനിച്ചു.
ജൽജീവൻ മിഷൻ പദ്ധതികളുടെ ഭാഗമായുള്ള പൈപ്പുകൾ പൊട്ടുന്നത് പരിശോധിക്കാൻ ജല അതോറിറ്റി ഇടപെടണമെന്ന് യോഗത്തിൽ നിർദ്ദേശമുയർന്നു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സുഭിക്ഷ ഹോട്ടലുകൾ തുടങ്ങാൻ സിവിൽ സപ്ലൈസ് വകുപ്പ് പത്ത് ലക്ഷം രൂപാ വീതം അനുവദിച്ചതായും ഇത് നടപ്പിലാക്കാൻ അതത് എം.എൽ.എമാർ മുൻകൈയെടുക്കണമെന്നും നിർദ്ദേശിച്ചു. വേനലിന് മുന്നോടിയായി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ഐ.ടി.ഡി.പിയോടും പഞ്ചായത്ത് ഡയറക്ടറോടും യോഗം നിർദ്ദേശിച്ചു. എം.എൽ.എമാരായ ടി.ഐ മധുസൂദനൻ, കെ.പി മോഹനൻ, കെ.വി സുമേഷ്, എം. വിജിൻ, എം.പിമാരായ കെ. സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ എന്നിവരുടെ പ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവർ പങ്കെടുത്തു.