municipality
പ്രമേയാവതരണം

കാഞ്ഞങ്ങാട്: ദേശീയപാത വികസിപ്പിക്കുമ്പോൾ വലിയൊരു പ്രദേശത്തെ ജനങ്ങളുടെ യാത്രാപ്രതിസന്ധി പരിഹരിക്കുന്നതിന് കൂളിയങ്കാലിൽ അണ്ടർപാസ് പണിയണമെന്ന് നഗരസഭ കൗൺസിൽ യോഗം ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അഹമ്മദലി പ്രമേയം അവതരിപ്പിച്ചു. പുതുക്കൈ മേഖലയിലെ ജനങ്ങൾ കാഞ്ഞങ്ങാട് എത്താൻ പ്രധാനമായും ഉപയോഗിക്കുന്നത് കൂളിയങ്കാൽ വഴിയുള്ള യാത്രയാണ്. ദേശീയപാത വികസിപ്പിക്കുമ്പോൾ ചെമ്മട്ടംവയലിലും ജില്ലാ ആശുപത്രി പരിസരത്തുമാണ് ജനങ്ങൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുന്നത്.

കൂളിയങ്കാലിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്കോ അതല്ല ചെമ്മട്ടംവയലിലേക്കോ രണ്ടു കിലോമീറ്ററോളം ദൂരമുണ്ട്. അരയി പ്രദേശത്തെ മിക്കവർക്കും ആറങ്ങാടിയിലാണ് റേഷൻ ഷോപ്പുള്ളത്. ഇവിടേക്ക് വരാൻ വലിയ പ്രയാസമാണുണ്ടാവുകയെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പാതവികസിക്കുമ്പോൾ ഉണ്ടാകാൻ പോകുന്ന പ്രയാസങ്ങൾ ഒഴിവാക്കാനായി കൂളിയങ്കാലിൽ അണ്ടർ പാസ്സേജ് ഉണ്ടാക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.12ാം വാർഡ് മെമ്പർ ടി. മുഹമ്മദ് കുഞ്ഞി പ്രമേയത്തെ പിന്താങ്ങി.

സി.എച്ച് സുബൈദ, ടി.കെ സുമയ്യ, കെ. രവീന്ദ്രൻ, പി.വി മോഹനൻ, ടി. ബാലകൃഷ്ണൻ, എം. ബൽരാജ്, പള്ളിക്കൈ രാധാകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മിൽമ ബൂത്തിന് സ്ഥലം: സ്റ്റാൻഡിംഗ് കമ്മിറ്റി പരിശോധിക്കും
പുതിയകോട്ടയിൽ അമ്മയും കുഞ്ഞും ആശുപത്രിക്ക് എതിർവശത്ത് മിൽമ ബൂത്ത് സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് മിൽമ അധികൃതർ നൽകിയ അപേക്ഷ വിശദമായ പരിശോധനയ്ക്ക് ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു. ഇതു സംബന്ധിച്ച് ഡയറി മാനേജറാണ് കത്ത് നൽകിയത്. വലിയ അഴിമതിക്ക് കാരണമാകുന്നതാണ് പ്രസ്തുത അപേക്ഷയെന്ന് കൗൺസിലർമാർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സ്റ്റാൻഡിംമഗ് കമ്മിറ്റിയുടെ വിശദമായ പരിശോധനയ്ക്ക് കൈമാറിയത്.

ടെണ്ടറിന് മുമ്പെ പ്രവൃത്തി അംഗീകരിക്കാനാവില്ല
ടെണ്ടർ ആകുന്നതിന് മുമ്പ് പ്രവൃത്തി ചെയ്താൽ അത് അംഗീകരിക്കാനാകില്ലെന്ന് കൗൺസിലർമാർയോഗത്തിൽ ചൂണ്ടിക്കാട്ടി. ചില പ്രദേശങ്ങളിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട വാർഡ് കൗൺസിലർമാർ ആവശ്യപ്പെടുമ്പോൾ ടെണ്ടറിന് മുമ്പേ പ്രവൃത്തി നടത്തേണ്ടി വരുന്നുവെന്ന് സെക്രട്ടറി റോയി മാത്യു യോഗത്തെ അറിയിച്ചു.