കാഞ്ഞങ്ങാട്: രക്തം ദാനം ചെയ്യാൻ തയ്യാറായി യുവാക്കൾ ജില്ലാ ആശുപത്രിയിൽ എത്തുമ്പോൾ അവരെ നിരാശരാക്കുന്ന സമീപനമാണ് ആശുപത്രിയിൽ. രക്തം ദാനം ചെയ്യാൻ എത്തുന്നവർ രണ്ടാംനിലയിലെ രക്തബാങ്കിൽ അപേക്ഷ പൂരിപ്പിച്ച് താഴെ ഇറങ്ങി ഒ.പിയിൽ മെഡിക്കൽ ഓഫീസറെ കണ്ട് രക്തസമ്മർദ്ദം പരിശോധിക്കണം. തുടർന്ന് പിന്നെയും രക്തബാങ്കിലേക്ക് കയറണം. ഒ.പിയിൽ തിരക്കുണ്ടെങ്കിൽ പരിശോധനകൾക്കായി കാത്തുനിന്ന് മുഷിയണം. ഈ വിധമാണ് ദുരിതം.
നേരത്തെ ബ്ലഡ് ബാങ്കിൽ ഉണ്ടായിരുന്ന മെഡിക്കൽ ഓഫീസർ ജോലി ഒഴിവാക്കി പോയതിനെ തുടർന്നാണ് മുകളിലും താഴെയും ഒരുപാടു തവണ ഇറങ്ങുകയും കയറുകയും വേണ്ടിവരുന്നത്. ബ്ലഡ് ബാങ്കിൽ പകരം നിയമിച്ച മെഡിക്കൽ ഓഫീസർ പ്രസവാവധിയിലാണ്. ഈയിടെ സ്ഥിരം നിയമനം ലഭിച്ച ഡോക്ടർ ദീർഘകാല അവധിയിൽ പ്രവേശിച്ചതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമായി. പകരം മെഡിക്കൽ ഓഫീസറെ മുഴുവൻ സമയം ചാർജ്ജ് നൽകി നിയമിക്കാമെങ്കിലും നടപടി ഉണ്ടായില്ല.
രക്തബാങ്കിൽ ഹീമോഗ്ലോബിൻ പരിശോധനയ്ക്കുള്ള സൗകര്യവും നിലച്ചിരിക്കുകയാണ്.
ദാതാക്കൾ സ്വയം സ്വകാര്യലാബിൽ പരിശോധിച്ച് ഫലവുമായി എത്തേണ്ടിവരുന്നുണ്ട്. ജില്ലാ ആശുപത്രിയിൽ മോർച്ചറിക്ക് സമീപം ഒറ്റപ്പെട്ട കെട്ടിടത്തിൽ രണ്ടാം നിലയിലാണ് നിലവിലെ രക്തബാങ്കുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ രക്തബാങ്കിലേക്ക് നടന്നുപോകാനും പ്രയാസമുണ്ട്. ആവശ്യത്തിന് രക്തദാതാക്കളെ ലഭിക്കാൻ ഔട്ട് റീച്ച് ക്യാമ്പുകൾ സംഘടിപ്പിക്കാൻ സന്നദ്ധ സംഘടനകൾ പരിശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല.
കാസർകോട് ജനറൽ ആശുപത്രിയിലെ രക്തബാങ്ക് ഔട്ട് റീച്ച്, ഇൻ ഹൗസ് ക്യാമ്പുകൾ ഏറ്റെടുക്കുകയും രക്ത ദാതാക്കൾക്കളോട് സൗഹാർദ്ദപരമായി ഇടപെടുകയും ചെയ്യുന്നുണ്ട്. ജില്ലാ ആശുപത്രി രക്തബാങ്കിന്റെ താളം തെറ്റുന്ന പ്രവർത്തനങ്ങൾ ഉടൻ പരിഹരിച്ച് ജനങ്ങൾക്കും രക്തദാനത്തിനെത്തുന്നവർക്കും ഉപകാരപ്പെടുന്ന വിധത്തിലാക്കണമെന്നാണ് ആവശ്യം.