palam
അപകടഭീതി നേരിടുന്ന കുയ്യാലി പാലം

തലശേരി: യാഥാർത്ഥ്യമാകുമോ പുതിയ കുയ്യാലി പാലം? ഒപ്പം വീനസ് സംഗമം ജംഗ്ഷൻ റോഡ് വികസനം?. ചുവപ്പ് നാടകളുടെ സങ്കേതികത്വത്തെ മറികടന്ന്, ത്വരിത വികസനത്തിന് ഊർജ്ജസ്വലമായി നേതൃത്വം നൽകുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോടും, ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നായകസ്ഥാനം വഹിക്കുന്ന സ്ഥലം എം.എൽ.എ അഡ്വ: എ.എൻ. ഷംസീറിനോടും തദ്ദേശവാസികൾക്കുള്ള ചോദ്യമാണിത്.
ബ്രിട്ടീഷ് ഭരണകാലത്ത് എരഞ്ഞോളി പുഴക്ക് കുറകെ നിർമ്മിക്കപ്പെട്ട ആർച്ച് പാലത്തിന് പകരം, ഉയരമുള്ള വിശാലമായ പുതിയ എരഞ്ഞോളി പാലം നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെ, ചടങ്ങിനെത്തുന്ന ഇരുവരോടും ഈ നാടിന് ചോദിക്കാനുള്ള വർഷങ്ങൾ പഴക്കമുള്ള ചോദ്യങ്ങളാണിത്.
തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമായി ഒരു ഡസനിലേറെ പാലങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കെ, നഗരപ്രാന്തത്തിൽ, റെയിൽവേ സ്റ്റേഷന് ഒരു വിളിപ്പാടകലെയുള്ള കാലപ്പഴക്കം ചെന്ന് നശോൻമുഖമായ കുയ്യാലി പാലത്തെക്കുറിച്ച് അധികൃതർക്ക് വേവലാതിയില്ല.
1966ൽ പാലം നിർമ്മിക്കുന്ന വേളയിൽ ഒരു ബസ് മാത്രം കടന്നുപോയ ഈ പാലത്തിലൂടെ ഇന്ന് നിര നിരയായി ഭാരവാഹനങ്ങൾ കടന്നു പോവുകയാണ്. ഒരു ബസിന് കഷ്ടിച്ച് കടന്നു പോകാൻ മാത്രം വീതിയുള്ള ഈ പാലത്തിന്റെ അടിഭാഗം ദ്രവിച്ച് കമ്പികൾ എഴുന്ന് നിൽക്കുകയാണ്. സിമന്റ് ചീളുകൾ അടർന്ന് വീണുകൊണ്ടിരിക്കുന്നു. പാലത്തിന്റെ കൈവരികൾ പലയിടങ്ങളിലും തകർന്നിട്ടുമുണ്ട്.
തലശ്ശേരി- കുടക് റോഡിലും, അഞ്ചരക്കണ്ടി വിമാനത്താവളം റോഡിലും ഗതാഗത തടസ്സമുണ്ടാകുമ്പോൾ, വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോവുക. കുയ്യാലി റെയിൽവേ ഗേറ്റ് അടച്ചു കഴിഞ്ഞാൽ, ഭാരവാഹനങ്ങൾ ഈ പാലത്തിൽ ഏറെ സമയം നിർത്തിയിടും. അതു താങ്ങാനുള്ള ശേഷിയില്ലാതെ പാലം കിതക്കുകയാണെന്ന പരാതി ദീർഘനാളായുണ്ട്.

എവിടെയും എത്തിയില്ല ഈ റോഡിലെ കുരുക്കഴിക്കൽ

വീനസ് കോർണർ മുതൽ ഗുഡ്‌സ് ഷെഡ് റോഡ് വരെ റോഡ് വീതി കൂട്ടാനുള്ള നീക്കം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണെങ്കിലും എവിടെയും എത്തിയില്ല. കണ്ണൂർ ഭാഗത്തു നിന്നും തലശേരി ബസ് സ്റ്റാൻഡിൽ തിരക്കുകളില്ലാതെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. ചില സ്വകാര്യ വ്യക്തികളുടെ മതിലുകൾ മാത്രം അൽപ്പം പിറകോട്ട് മാറ്റിയാൽ വീതിയേറിയ റോഡായി ഇത് മാറ്റപ്പെടും. അതോടെ പഴയ ബസ് സ്റ്റാൻഡിൽ ഇപ്പോൾ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകും.
കുയ്യാലി ഗേറ്റ് അടച്ചാൽ, ഇത്രയും ദൂരം വാഹനങ്ങൾ ഏറെ നേരം കാത്തു കെട്ടിക്കിടക്കേണ്ടി വരും. ഏറ്റവും കൂടുതൽ പാലങ്ങൾ പണിത സർക്കാറെന്ന് ഇടത് സർക്കാർ അവകാശപ്പെടുമ്പോൾ, മുഖ്യമന്ത്രിയുടെ നാട്ടിലേക്ക് പോകുന്ന റോഡിലുള്ള കുയ്യാലി പാലത്തിന് മാത്രം ശാപമോക്ഷമില്ല. ഈ ജനകീയാവശ്യത്തിന് ഇരു ജനനേതാക്കളും സത്വര പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.