തളിപ്പറമ്പ്: തളിപ്പറമ്പിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ട്രാഫിക് പരിഷ്‌ക്കരണത്തിനായി യോഗം ചേർന്നു. പരിപാടികളുടെ രണ്ടാം ഘട്ടത്തിൽ വ്യാപാരികൾ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ട്രാഫിക് പൊലീസിന് നിർദ്ദേശം നൽകി. സാധനങ്ങൾ വാങ്ങാനെത്തുന്നവർ വാഹനം പാർക്ക് ചെയ്ത് കടക്കുള്ളിൽ കയറുന്നതിന് മുമ്പേ ട്രാഫിക് പൊലീസ് സ്റ്റിക്കറുമായി എത്തുകയും പിഴയീടാക്കുകയും ചെയ്യുന്നത് കച്ചവടത്തെ ബാധിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ് ജന.സെക്രട്ടറി വി. താജുദ്ദീൻ പരാതിപ്പെട്ടു.
കുപ്പം പ്രദേശത്ത് നിന്ന് തെരുവ് കച്ചവടങ്ങൾ മാറ്റിയതിനെ നഗരസഭാ കൗൺസിലറും വ്യാപാരി വ്യവസായി സമിതി നേതാവുമായ കെ.എം.ലത്തീഫ് സ്വാഗതം ചെയ്തു. ഈ ഭാഗത്ത് പുതിയ ഹൈവേയുടെ നിർമ്മാണത്തിന് വേണ്ടി മണ്ണിടുന്നത് കാരണം മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഇതിന് പരിഹാരം കാണണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു. മന്നയിലെ ട്രാഫിക് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. ഗവ. ആശുപത്രി പരിസരത്തെ പഴയ ബസ് വെയിറ്റിംഗ് ഷെൽട്ടർ പൊളിച്ചുനീക്കി അവിടെ പാർക്കിംഗിനായി സൗകര്യമൊരുക്കുക, ഹൈവേയിലെ അനധികൃത പാർക്കിംഗ് തടയുക എന്നീ ആവശ്യങ്ങളും യോഗത്തിൽ ഉയർന്നുവന്നു.
താലൂക്ക് ഓഫീസ് വളപ്പിലെ തെരുവ് നായ ശല്യം പരിഹരിക്കാൻ നഗരസഭാ അധികൃതർക്ക് ഒന്നും ചെയ്യാനാവില്ലെന്നും വന്ധ്യംകരണം നടത്തുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നും നിലവിലില്ലെന്നും നഗരസഭ അധികൃതർ യോഗത്തെ അറിയിച്ചു. ആർ.ഡി.ഒ ഇ.പി. മേഴ്‌സി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൻ മുർഷിദ കൊങ്ങായി, ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ മനോഹരൻ, ട്രാഫിക്ക് എസ്.ഐ വിനോദ് എന്നിവരും യോഗത്തിൽ പ്രസംഗിച്ചു.