bridge
ആറുപതിറ്റാണ്ട് പഴക്കമുള്ള ആലക്കോട് പാലം

ആലക്കോട്, കരുവൻചാൽ പാലങ്ങളുടെ ശാപം മാറുമോ

ആലക്കോട്: വികസനമെന്നത് മലയോരജനതയ്ക്ക് പ്രഖ്യാപനങ്ങൾ മാത്രം. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ നൂറുകണക്കിന് പ്രഖ്യാപനങ്ങളാണ് ആലക്കോടിന് സംസ്ഥാന സർക്കാരിൽനിന്നും ലഭിച്ചത്. എന്നാൽ ഇതിൽ വിരലിലെണ്ണാവുന്ന പദ്ധതികൾ മാത്രമാണ് നടപ്പിലാക്കിയത്. കോടികൾ ചിലവുവരുന്ന പദ്ധതികൾ പ്രഖ്യാപിക്കുകയും ചിലത് തറക്കല്ലിടൽ ചടങ്ങിലൊതുങ്ങുകയും ചെയ്തു. ഇതേഅവസ്ഥ തന്നെയാകുമോ ആലക്കോട്, കരുവൻചാൽ പാലങ്ങളുടെ കാര്യത്തിലും സംഭവിക്കുകയെന്ന ആശങ്കയിലാണ് മലയോരജനത.
കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് ആറുപതിറ്റാണ്ട് പഴക്കമുള്ള ആലക്കോട് പാലത്തിന്റെ ടെൻഡർനടപടികൾ പൂർത്തിയാക്കി പാലം നിർമ്മാണത്തിന്റെ ഉദ്ഘാടനവും നടത്തിയത്. കരാറുകാരൻ പ്രവൃത്തി തുടങ്ങിയപ്പോഴാണ് അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് പൂർത്തിയായിട്ടില്ലെന്നും ഇതുസംബന്ധിച്ച് കേസ് കോടതിയിലാണെന്നുമറിയുന്നത്. പ്രശ്നം രമ്യമായി പരിഹരിക്കുവാൻ ശ്രമിക്കാതെ ബന്ധപ്പെട്ടവർ പിൻവലിഞ്ഞതോടെ കരാറുകാരൻ നിർമ്മാണസാമഗ്രികളുമായി സ്ഥലംവിട്ടു. കരുവൻചാൽ പാലത്തിന്റെ നിർമ്മാണത്തിനായി സംസ്ഥാനസർക്കാർ 6.8 കോടി രൂപ അനുവദിച്ചതായി 3 മാസം മുമ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിക്കുകയുണ്ടായി. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പാലത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നാളിതുവരെയും പാലത്തിന്റെ ടെൻഡർനടപടികളാരംഭിച്ചിട്ടില്ല. അനുദിനം വർദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പം മൂലം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന മലയോരത്തിന്റെ രാജപാതയിലാണ് ഈ രണ്ട് പാലങ്ങളും സ്ഥിതിചെയ്യുന്നത്.

എസ്റ്റേറ്റ് ഭൂമി വനഭൂമിയായി

ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചുനൽകുവാനായി സർക്കാർ ഏറ്റെടുത്ത ആലക്കോട് ഗവണ്മെന്റ് എസ്റ്റേറ്റ് ഭൂമിയിൽ 250 ഓളം കുടുംബങ്ങൾക്കാണ് ഭൂമി നൽകിയത്. 1240 ഏക്കർ വരുന്ന എസ്റ്റേറ്റ് ഭൂമിയുടെ 1000 ഏക്കർ സ്ഥലം രണ്ടുപതിറ്റാണ്ട് കൊണ്ട് വനഭൂമിയായി മാറിയതിനാൽ ഇനി ഭൂമി പതിച്ചുനൽകൽ ഉണ്ടാകില്ല.

ആലക്കോട് -കാപ്പിമല -മഞ്ഞപ്പുല്ല് റൂട്ടിൽ വൈതൽമല ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്നവർക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി മുടക്കിയ ലക്ഷക്കണക്കിന് രൂപയും വെറുതെയായി. മഞ്ഞപ്പുല്ലിലെ വനംവകുപ്പിന്റെ സ്ഥലത്ത് 7 വർഷം മുമ്പ് നിർമ്മിച്ച കെട്ടിടം കാടുകയറി നശിക്കുന്നു. പഞ്ചായത്ത് വകയായി നിർമ്മിച്ച കംഫർട്ട് സ്റ്റേഷനും ഉപയോഗമില്ലാതെ കിടക്കുന്നു.


മുടങ്ങിക്കിടക്കുന്ന മലയോര പദ്ധതികൾ

ആലക്കോട് -കോളി -കാപ്പിമല റോഡ് നവീകരണം

ആലക്കോട് -നെല്ലിക്കുന്ന് -പാത്തൻപാറ റോഡ് നവീകരണം

അരിവിളഞ്ഞപൊയിൽ -മണ്ണാത്തിക്കുണ്ട് -മാമ്പൊയിൽ റോഡ് നവീകരണം

വൈതൽമല ടൂറിസം വികസന പദ്ധതി