കാസർകോട്: കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബി.എച്ച്.ഇ.എല്ലിന്റെയും കെടുകാര്യസ്ഥതയിൽ നഷ്‌ടത്തിലായ കാസർകോട്ടെ കെൽ ഇ.എം.എൽ സംസ്ഥാനസർക്കാർ ഏറ്റെടുത്തെങ്കിലും ആനകൂല്യങ്ങളൊന്നും ലഭിക്കാതെ ജീവനക്കാർ ത്രിശങ്കുവിൽ. സർക്കാർ 20 കോടി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജീവനക്കാരുടെ കുടിശ്ശിക ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും വിരമിച്ച ജീവനക്കാരുടെ കുടിശ്ശിക ശമ്പളവും ഗ്രാറ്റ്വിറ്റിയും നൽകാൻ ഉന്നതോദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ 40 മാസമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് കെല്ലിലെ 139 ജീവനക്കാർ. ഗുരുതര രോഗം പിടിപെട്ട് നാല് ജീവനക്കാർ ജീവിതത്തോട് യാത്രപറഞ്ഞു. ഇപ്പോഴും ദാരിദ്ര്യത്തോടും കുടുംബപ്രശ്നങ്ങളോടും പൊരുതി ജീവിക്കുവാൻ പണിപ്പെടുകയാണ് അവശേഷിക്കുന്ന പലരും. 28 വർഷത്തിൽ കൂടുതൽ സർവീസുള്ള 53 വയസ്സിനു മീതെ പ്രായം ചെന്ന ജീവനക്കാർ കമ്പനിയിലുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യപിച്ച 77 കോടി രൂപയുടെ പാക്കേജിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 20 കോടി കമ്പനിയുടെ അക്കൗണ്ടിൽ വന്നിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാതെ മനഃപ്പൂർവം ഉദ്യോഗസ്ഥർ ഓരോ തടസങ്ങൾ ഉണ്ടാക്കുന്നതായാണ് പരാതി.
എത്രയും പെട്ടെന്ന് കെൽ ഇ.എം.എൽ തുറന്നുപ്രവർത്തിപ്പിച്ച് ഉത്പാദനം തുടങ്ങണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയനുകളും മാസങ്ങൾ സമരം ചെയ്തും നിയമയുദ്ധം നടത്തിയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള പാർലമെന്റ് മെമ്പർമാർ ഒന്നടങ്കം ഇടപ്പെട്ടതിനെയും തുടർന്നാണ് കമ്പനി സംസ്ഥാന സർക്കാറിന് കൈമാറിയത്. അടുത്തിടെ കമ്പനി സന്ദർശിച്ച വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നൽകിയ വാഗ്ദാനവും അട്ടിമറിക്കപ്പെടുകയാണെന്ന് ജീവനക്കാരുടെ സംഘടനയായ ഐ.എൻ.ടി.യു.സിയും എസ്.ടി.യുവും ആരോപിക്കുന്നു..