rice

കാസർകോട്: എഫ്.സി.ഐ ഡിപ്പോയിൽ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്ക് ലോറികളിൽ എത്തുന്ന അരിലോഡുകളിൽ വലിയ കുറവുണ്ടാകുന്നതായി ആക്ഷേപം. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരം സപ്ലൈകോയുടെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, വെള്ളരിക്കുണ്ട് ഗോഡൗണുകളിലേക്ക് നീലേശ്വരം എഫ്.സി.ഐ ഡിപ്പോയിൽ നിന്ന് എത്തിക്കുന്ന അരിലോഡുകളിലാണ് തൂക്കകുറവ് കണ്ടെത്തിയത്.

30 കിലോ മുതൽ ഒരു ക്വിന്റൽ വരെ ഭക്ഷ്യധാന്യങ്ങൾ ഓരോ ലോഡിലും കുറവുണ്ടാകുന്നുവെന്നാണ് പരാതി. ഒരു ദിവസം ഒരു ഗോഡൗണിലേക്ക് എട്ടും ഒമ്പതും ലോഡ് അരി എഫ്.സി.ഐ ഡിപ്പോയിൽ നിന്ന് അയക്കുന്നുണ്ട്. അഞ്ച് ഗോഡൗണുകളിലേക്കുമായി ഒരു മാസം 781 ലോഡ് അരിയും ഗോതമ്പും എത്തുന്നുണ്ട്. വലുപ്പം കൂടുതലായതിനാൽ കാസർകോട് ഗോഡൗണിലേക്ക് മാത്രം വരുന്നത് 220 ലോഡുകളാണ്. കാഞ്ഞങ്ങാട്, നീലേശ്വരം ഡിപ്പോകളിലേക്ക് 300 ലോഡുകളും എത്തുന്നുണ്ട്.

കംപ്യൂട്ടർ ബില്ല് ഇല്ലാത്ത ലോഡുകളിലാണ് റേഷനരിയുടെ തൂക്കത്തിൽ കുറവുണ്ടാകുന്നത്. സെർവർ തകരാറെന്ന് പറഞ്ഞാണ് എഫ്.സി.ഐ അധികൃതർ എഴുതിയ ബില്ലുകൾ ലോഡുകളിൽ കൊടുത്തുവിടുന്നത്. ഇവ വായിച്ചാൽ പോലും മനസിലാകാതെയുള്ള ബില്ലാണെന്ന് സപ്ലൈകോ ജീവനക്കാർ പരാതിപ്പെടുന്നു.

ഒരു ലോഡിൽ 35 കിലോ കുറവ്

സ്ഥിരമായി അരിയുടെ തൂക്കത്തിൽ കുറവ് കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നി കഴിഞ്ഞ ദിവസം ഒരു ലോഡ് പടന്നക്കാട് വേബ്രിഡ്ജിൽ നിന്ന് സപ്ലൈകോ ഇൻസ്‌പെക്ടർ തൂക്കിനോക്കിയപ്പോൾ 35 കിലോ അരിയുടെ കുറവ് കണ്ടെത്തി. 10 ലോഡ് അരി വന്നാൽ മൂന്നര ക്വിന്റൽ അരിയാണ് ഇത്തരത്തിൽ കുറയുന്നത്. കാസർകോട് ഡിപ്പോയിൽ എത്തിയ അരിയിലും കുറെയധികം കുറവുണ്ടായി. അടുത്തകാലം വരെ കാഞ്ഞങ്ങാട് ഇൻസ്‌പെക്ടർ ജോലി ചെയ്ത ഒരു ജീവനക്കാരന് മൂന്ന് ലോഡ് അരിയുടെ കുറവ് കണ്ടെത്തിയതിനാൽ ആ ഉദ്യോഗസ്ഥനോട് അതിന്റെ പണം അടക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് വകുപ്പ് അധികൃതർ.

എല്ലാം ജീവനക്കാരുടെ തലയിൽ

എഫ്.സി.ഐ ഡിപ്പോയിൽ നിന്ന് അരി കുറച്ചയയ്ക്കുന്നത് കാരണം പണികിട്ടുന്നത് ചുമതല വഹിക്കുന്ന സപ്ലൈകോ ജീവനക്കാർക്കാണ്. കിട്ടുന്ന അരി തൂക്കം കുറഞ്ഞാലും റേഷൻ കടയിലേക്ക് അലോട്ട്‌മെന്റ് പ്രകാരമുള്ള അരി കൃത്യമായി കൊടുക്കേണ്ട ബാദ്ധ്യതയും ജീവനക്കാരുടെ തലയിലാണ്. ഇതുകാരണം സ്ഥിരമായുള്ള എഴുത്തുബില്ല് ഇനി സ്വീകരിക്കില്ലെന്ന നിലപാടിലാണ് സപ്ലൈകോ ജീവനക്കാർ. ലോഡിലെ തൂക്കക്കുറവ് സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസറോട് ജീവനക്കാർ നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല.