നീലേശ്വരം: നാളികേര ഉൽപ്പാദനം ഏറ്റവും കൂടുതൽ നടക്കുന്നത് ഫെബ്രുവരി മുതൽ മേയ് മാസം വരെയാണ്. ഈ സമയത്ത് പച്ചത്തേങ്ങയ്ക്ക് കുത്തനെ വിലയിടിവ് സംഭവിച്ചത് കർഷകരെ നിരാശരാക്കുന്നു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ പച്ചത്തേങ്ങയ്ക്ക് ക്വിൻറലിന് 1300 രൂപയാണ് കുറഞ്ഞത്. അതുപോലെ കൊപ്രയ്ക്ക് 4000 രൂപയും കുറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച സംഭരണം ഇതുവരെ നിലവിൽ വന്നതുമില്ല. ജനുവരി ആദ്യവാരത്തിൽ പച്ച തേങ്ങക്ക് ക്വിന്റലിന് 4200 രൂപയുണ്ടായിടത്ത് 2700 രൂപയിലെത്തി നിൽക്കുന്നു. കൊട്ട തേങ്ങക്ക് ക്വിന്റലിന് 15000 രൂപ വില കിട്ടിയപ്പോൾ ഇപ്പോഴത് 11000 രൂപയിലേക്ക് താഴ്ന്നു. കൊവിഡ് പ്രതിസന്ധിക്കിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും, തമിഴ് നാട്ടിലേക്കും തേങ്ങ കയറ്റുമതി കുറഞ്ഞതാണ് തേങ്ങ വിലയിടിവിന് കാരണമായി പറയുന്നത്.
കയറ്റുമതി കുറഞ്ഞതും ഉല്പാദനം കൂടിയതും വിലയിടിവിന് മറ്റൊരു കാരണമായി പറയുന്നു. കഴിഞ്ഞവർഷം വേനൽമഴ ആദ്യം കിട്ടിയതിനാലാണ് ഇപ്പോൾ തേങ്ങ ഉല്പാദനം കൂടാൻ കാരണമെന്നാണ് കേരകർഷകർ പറയുന്നത്. ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കാൻ സർക്കാർ സംഭരണത്തിനുള്ള ഒരുക്കങ്ങൾ ഊർജ്ജിതമാക്കിയാൽ മാത്രമേ കേരകർഷകർക്ക് തെല്ലൊരു അശ്വാസം കിട്ടുകയുള്ളൂ.
സംഭരണം അത്യാവശ്യം
കേരകർഷകരെ കരകയറ്റാൻ കേരഫെഡ്, നാളികേര വികസന കോർപ്പറേഷൻ, കേരഗ്രാമം പദ്ധതി പ്രകാരം രൂപീകരിച്ച പഞ്ചായത്ത്തല സമിതികൾ, സഹകരണ സംഘങ്ങൾ എന്നിവയെ സജ്ജമാക്കി സംഭരണം വേഗത്തിലാക്കണമെന്നാണ് കേരകർഷകർ പറയുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ചാണ് കൊപ്ര, വെളിച്ചെണ്ണ ഉൽപ്പാദനത്തിന്റെ നല്ലൊരു പങ്കും നടക്കുന്നത്. അത് പോലെ തമിഴ്നാട്ടിൽ നാളികേര ഉല്പാദനം കൂടിയതും ഇവിടെ വിലയിടിവിന് കാരണമായി.
അടിയായി രോഗവും
തേങ്ങയുടെ വിലയിടിവിന് പിന്നാലെ തേങ്ങ പാകമാകാതെ ചീഞ്ഞ് വീഴുന്നതും കർഷകർക്ക് ഇരുട്ടടിയായി. ഒരു തെങ്ങിന്റെ തടത്തിൽ തന്നെ പത്തോളം തേങ്ങ ഇങ്ങനെ വീണ് കിടക്കുന്നതായി കർഷകർ പറയുന്നു. മണ്ട ചീയൽ രോഗവും, തേങ്ങ രോഗം വന്ന് വീഴുന്നതും, വില തകർച്ചയും കേരകർഷകരുടെ നട്ടെല്ലൊടിക്കുന്നു.
തേങ്ങയിൽ നിന്ന് വൈവിദ്ധ്യമാർന്ന ഉല്പന്നങ്ങൾ ഉണ്ടാക്കി വിപണനവും വർദ്ധിപ്പിച്ചാലേ തേങ്ങയുടെ വിലയിടിവിൽ നിന്ന് പിടിച്ച് നിൽക്കാനാവൂ.
കേരകർഷകർ