തലശേരി: വടക്കൻ പാട്ടുകളിലെ അനശ്വര കഥാപാത്രമായ തച്ചോളി ഒതേനന്റെ ജീവിതകഥയ്ക്ക് നോവൽ ഭാഷ്യം ഒരുങ്ങി. നാട്ടിപ്പാട്ടിലും കല്യാണപ്പാട്ടിലും വാമൊഴിയിലും തിറയാട്ടത്തിലുമായി തലമുറകൾ കൈമാറി വന്ന വീരയോദ്ധാവിന്റെ കഥ ജയപ്രകാശ് പാനൂരാണ് 'സൗഭദ്രം" എന്ന നോവലിലൂടെ പുനരാവിഷ്കരിക്കുന്നത്.
തച്ചോളി മാണിക്കോത്ത് തറവാട്ടിൽ തുടങ്ങി കളരിച്ചുവടുകൾ കൊണ്ട് എതിരാളികളെ വിറപ്പിച്ച് യൗവനം കത്തി നിൽക്കുമ്പോൾ തന്നെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിലൊടുങ്ങിയതാണ് ഒതേനന്റെ ജീവിതം.
വടകര, മാഹി, കതിരൂർ ദേശങ്ങളുടെ ഹൃദയ ഭിത്തികളിൽ കൊത്തിവയ്ക്കപ്പെട്ട ഒതേനന്റെ കഥ ഇന്നലെയെന്നപോൽ വരച്ചുകാട്ടുകയാണ് 'സൗഭദ്രത്തിൽ. ഓൺലൈനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ചു വായനക്കാരാണ് നോവൽ പ്രകാശനം ചെയ്തത്.
ധൃതരാഷ്ട്ര പുത്രനായ യുയുത്സു, ക്രൈം ഫിക്ഷനായ കിഷ്‌കിന്ദയുടെ മൗനം എന്നിവയ്ക്ക് ശേഷമാണ് ജയപ്രകാശ് സൗഭദ്രം പുറത്തിറക്കുന്നത്. സരോവരം ബുക്‌സ് ആണ് നോവൽ പ്രസിദ്ധീകരിച്ചത്.