തൃക്കരിപ്പൂർ: കെ റെയിൽ പദ്ധതിക്കെതിരെയും അനുകൂലിച്ചും ചർച്ചകളും അഭിപ്രായങ്ങളും സജീവമാകുമ്പോഴും കണ്ണൂർ-കാസർകോട് ജില്ലകളിലെ നിലവിലുള്ള പാതയിലെ പഴയ റെയിൽപാളങ്ങൾ മാറ്റിയിടുന്ന പ്രക്രിയ അന്തിമ ഘട്ടത്തിൽ. 1998 ൽ മാറ്റിയിട്ട റെയിൽ പാളങ്ങൾ കൂടുതൽ കരുത്തുറ്റതാക്കി ട്രെയിനുകളുടെ വേഗം കൂട്ടുകയാണ് ലക്ഷ്യം.
പതിറ്റാണ്ടുകൾ കഴിയുമ്പോൾ പാളങ്ങളുടെ വെൽഡിംഗ് ജോയിന്റുകളിൽ ഉറപ്പ് കുറയുമെന്ന കണക്കുകൂട്ടലിലാണ് പുതിയ റെയിൽ പാളങ്ങൾ സ്ഥാപിക്കുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പുള്ള 52.6 കെ.ജി മാറ്റി 60 കെ.ജി പാളങ്ങളാണ് പകരം സ്ഥാപിക്കുന്നത്. പയ്യന്നൂർ കവ്വായി പാലം മുതൽ ചന്തേര വരെയുള്ളവ പത്തു ദിവസത്തിനകം പൂർത്തിയാക്കും. ഇന്നലെ വെള്ളാപ്പ് റെയിൽവെ ഗേറ്റ് മുതൽ സെന്റ് പോൾസ് സ്കൂൾ വരെയുള്ള ഭാഗത്താണ് പാളങ്ങൾ മാറ്റിയിടുന്ന ജോലികൾ നടന്നത്. കണ്ണൂർ ഭാഗത്തേക്കുള്ള അപ്‌ലൈനിലെ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്.
രാവിലെ ട്രെയിനുകളുടെ തിരക്കൊഴിഞ്ഞാൽ ബ്ലോക്ക് ഉറപ്പ് വരുത്തിയാണ് പുതിയ പാളങ്ങൾ മാറ്റിയിടുന്നത്. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ലഭിക്കുന്ന ഇടവേളകളിൽ കൂടുതൽ തൊഴിലാളികളെയും യന്ത്രങ്ങളും ഉപയോഗിച്ചാണ് പ്രവൃത്തി. ചെറുവത്തൂർ മുതൽ നീലേശ്വരം പള്ളിക്കര വരെയുള്ള തെക്കൻ ഭാഗങ്ങളിലും കണ്ണൂർ ജില്ലയിൽ വളപട്ടണത്തിനും പഴയങ്ങാടിക്കുമിടയിലെ 20 കിലോമീറ്ററും പാളം മാറ്റിയിടൽ പൂർത്തിയായാൽ ഇപ്പോഴുള്ള നൂറ് കിലോ മീറ്റർ വേഗതയ്ക്ക് പകരം 130 കിലോമീറ്റർ വേഗതയിൽ ട്രെയിനുകളോടിക്കാൻ കഴിയുമെന്നാണ് റെയിൽവേ കരുതുന്നത്. ബാക്കി ഭാഗങ്ങളിൽ ഭിലായ് പ്ലാന്റിൽ നിന്നും പാളങ്ങൾ എത്തുന്ന മുറയ്ക്ക് മാറ്റിയിടും. ഇപ്പോൾ തുരന്തോ എക്സ്പ്രസ് മാത്രമാണ് നൂറ് കിലോമീറ്റർ വേഗതയിൽ നിലവിലുള്ള പാളങ്ങളിലൂടെ കടന്നുപോകുന്നത്.