aniyalam
തളിരോലയാൽ തീർത്ത വഞ്ചിയുമായി ഒരുങ്ങുന്ന തെയ്യം

പട്ടുവം: തെയ്യങ്ങളെ അണിയിച്ചൊരുക്കുന്ന ആടയാഭരണങ്ങളിലും വ്യാജന്മാർ കടന്നുകൂടുന്നു. ഒട്ടുമിക്ക തെയ്യക്കോലങ്ങൾക്കും വെച്ചുകെട്ടാൻ തുടങ്ങിയാൽ കോലധാരിയുടെ പുറത്ത് കെട്ടിത്തൂക്കിയിടുന്ന ഒരു ഭാഗമുണ്ട്. വഞ്ചി എന്നാണ് ഈ അണിയലത്തിന്റെ പേര്. മേലേരിയിൽ കയറുന്ന തെയ്യങ്ങൾക്ക് ഇതു ഒഴിച്ചുകൂടാൻ പറ്റാത്ത ആഭരണമാണ്. തീക്കനലിലൂടെ ഓടുമ്പോഴോ കിടക്കുമ്പോഴോ കോലധാരിയുടെ പുറത്തു തീപ്പൊള്ളൽ ഏല്ക്കാതിരിക്കാനാണ് വഞ്ചി തൂക്കിയിടുന്നത്. സ്ത്രീ സങ്കൽപ്പത്തിലുള്ള കോലമാണെങ്കിൽ വഞ്ചിയുടെ നിറം കറുപ്പായിരിക്കും.
കാട്ടുവെണ്ട ശേഖരിച്ചു തച്ചുടച്ചു പതംവരുത്തി നാരുകളാക്കി ആ നാരുമെടഞ്ഞെടുത്താണ് വഞ്ചി നിർമ്മിക്കുന്നത്. അഗ്നിയെ പ്രതിരോധിക്കാൻ കാട്ടുവെണ്ടക്കു കഴിവുണ്ടത്രെ. ഇപ്പോൾ എന്നാൽ കാട്ടുവെണ്ടയുടെ വഞ്ചി കാണാനേയില്ല.
കാട്ടുവെണ്ട കിട്ടാനില്ലാത്തതുകൊണ്ടോ സംസ്‌കരിച്ചുമെടഞ്ഞെടുത്തു വഞ്ചിയുണ്ടാക്കാൻ അറിവുള്ളവർ ഇല്ലാത്തതുകൊണ്ടോ അതുപേക്ഷിച്ചിരിക്കുകയാണ്. പൂർവികർ ഉപയോഗിച്ച വഞ്ചിക്ക് പകരം തളിരോല കെട്ടിത്തൂക്കിയാണ് തെയ്യങ്ങൾ ഇപ്പോൾ ഉറഞ്ഞാടുന്നത്. പ്ലാസ്റ്റിക്കിന്റെ വഞ്ചി ഇടക്കാലത്ത് പരീക്ഷിച്ചുനോക്കിയെങ്കിലും തീക്കനലിൽ ഇത് തിരിച്ചടിയാകും എന്ന് കണ്ട് ഉപേക്ഷിക്കുകയായിരുന്നു.
ഇതൊന്നും ചോദ്യം ചെയ്യാൻ കണിശക്കാരായ കാരണവന്മാരും പലേടത്തുമില്ല. തോറ്റം ചൊല്ലലിൽ തെറ്റുപറ്റിയാൽ പോലും മുൻ കാലങ്ങളിൽ കൈയോടെ തെറ്റുചൂണ്ടിക്കാണിക്കുമായിരുന്നു. എല്ലാ തെയ്യക്കാർക്കും സ്വന്തമായി അണിയലങ്ങൾ ഉണ്ടാകാറില്ല. വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. നേരത്തെ അണിയലം നിർമ്മിച്ചിരുന്നവർ കാട്ടുവെണ്ട കൃഷി ചെയ്തു പരിപാലിച്ചിരുന്നുവത്രെ.