കണ്ണൂർ: തെക്കിബസാറിൽ നിയന്ത്രണം വിട്ട കാറിടിച്ചു തമിഴ് തൊഴിലാളി സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ തെക്കിബസാർ എം.എൽ.എ ഓഫീസിനു സമീപമാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തു നിന്നും വരികയായിരുന്ന കാർ കക്കാട് റോഡിൽ നിന്നും കയറിയ ബൈക്ക് യാത്രികന് ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടു റോഡരികിലെ മതിലിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. നിയന്ത്രണംവിട്ട കാറിടിച്ചു റോഡരികിൽ നിൽക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. ആനക്കുളത്തിന് സമീപം താമസിക്കുന്ന പാപ്പാത്തിക്കാ (37)
ണ് പരുക്കേറ്റത്. കാറിടിച്ചു ഇവരുടെ കാൽഭാഗം തകർന്നു. നഗരത്തിൽ നിർമ്മാണ ജോലി ചെയ്യുന്ന സേലം സ്വദേശിനിയാണിവർ. ഞായറാഴ്ച ജോലി കഴിഞ്ഞ് ഇവർ സഹപ്രവർത്തകരോടൊപ്പം മടങ്ങി തെക്കിബസാറിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ഇവരെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് കണ്ണൂരിലെ ആശുപത്രിയിലും നിലഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്കും മാറ്റി. കാർ യാത്രക്കാരായ മൂന്ന് പേർക്കും അപകടത്തിൽ നിസാര പരുക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കണ്ണൂർ ട്രാഫിക്ക് പൊലീസ് സ്ഥലത്തെത്തി. ആലക്കോടു നിന്നും കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.