തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മത്സ്യ മാർക്കറ്റിൽ ആഴ്ചകളോളമായി കെട്ടിക്കിടന്നിരുന്ന മാലിന്യ കൂമ്പാരം നീക്കം ചെയ്തു. നിലവിൽ പ്രവർത്തിക്കുന്ന മാർക്കറ്റിന്റെയും പുതുതായി നിർമ്മിച്ച മത്സ്യ മാർക്കറ്റിന്റെയും ഇടയിൽ കൂട്ടിയിട്ട മാലിന്യം കാരണം പരിസരത്തെ വ്യാപാരികളും മത്സ്യ തൊഴിലാളികളും ഏറെ ദുരിതത്തിലായിരുന്നു. ദുർഗ്ഗന്ധം കാരണം പൊതുജനങ്ങളും മുക്കു പൊത്തിയാണ് ഇതുവഴി കടന്നുപോയിരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. പ്രവർത്തകർ പഞ്ചായത്തിനെയും ആരോഗ്യ പ്രവർത്തകരെയും ശക്തമായ രീതിയിൽ പ്രതിഷേധം അറിയിച്ചിരുന്നു.
മാർക്കറ്റിൽ മത്സ്യ വിൽപ്പന നടത്തുന്ന സ്ത്രീ തൊഴിലാളികളടക്കം അനുഭവിക്കേണ്ടി വന്നിരുന്ന ദുരിതം മത്സ്യ
തൊഴിലാളികളും പഞ്ചായത്തിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചിട്ടും ഒരു നടപടിയുമെടുക്കാൻ തയ്യാറായില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനിടയിൽ ഇന്നലെ പഞ്ചായത്ത് മാലിന്യം നീക്കാൻ നടപടി സ്വീകരിച്ചു. ജെ.സി.ബിയുടെ സഹായത്താൽ ലോറിയിൽ കയറ്റിയാണ് മാലിന്യം നീക്കം ചെയ്തത്.