
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ജനതയുടെ ചിരകാലാഭിലാഷങ്ങളായ രണ്ടുപാലങ്ങൾ ഇന്ന് ഗതാഗതത്തിന് തുറന്നു കൊടുക്കും. കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങളാണ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കുന്നത്.
രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കേരളാകർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ കേരളം നിർമ്മിച്ച പാലം കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങിൽ ഇരുസംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ മന്ത്രി മുഹമ്മദ് റിയാസ് രാവിലെ 9ന് തുറന്നു കൊടുക്കും. പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫിനെ കൂടാതെ വീരാജ്‌പേട്ട എം.എൽ.എ കെ.ജി. ബൊപ്പയ്യ, കുടക് ജില്ലയിൽ നിന്നുമുള്ള കർണ്ണാടക ലജിസ്‌ളേറ്റിവ് അംഗം സുജ കുശാലപ്പ എന്നിവരും ചടങ്ങിനെത്തും. മന്ത്രി നാടമുറിച്ച ശേഷം ജനപ്രതിനിധികൾക്കൊപ്പം പാലത്തിലൂടെ അക്കരെ വരെ നടന്നെത്തുന്ന രീതിയിലായിരിക്കും ചടങ്ങ്.
കെ.എസ്.ടി.പി പദ്ധതിൽ ഉൾപ്പെടുത്തി തലശ്ശേരി വളവുപാറ റോഡിൽ നിർമ്മിച്ച ഏഴുപാലങ്ങളിൽ ആറാമത്തെ പാലമാണ് കൂട്ടുപുഴ പാലം. ശേഷിക്കുന്ന ഏഴാമത്തെ പാലമായ എരഞ്ഞോളിപാലവും കൂട്ടുപുഴ പാലത്തിന്റെ ഉദ്ഘാടന ശേഷം മന്ത്രി ഗതാഗതത്തിന് തുറന്നുകൊടുക്കും.