aboobacker
അബൂബക്കർ ചീര കൃഷി പരിപാലനത്തിൽ

പേരാവൂർ: ചീരകൃഷിയിൽ നൂറുമേനി വിളയിച്ച് ജൈവകൃഷിയുടെ നേട്ടം ഒരിക്കൽക്കൂടി അടയാളപ്പെടുത്തുകയാണ് പേരാവൂർ പാമ്പാളിയിലെ തേക്കാട്ടിൽ അബൂബക്കർ.
തൊണ്ടിയിൽ പാട്ടത്തിനെടുത്ത അരയേക്കറോളം സ്ഥലത്ത് ചീര കൃഷി ചെയ്ത അബുബക്കറിന് മികച്ച വിളവ് ലഭിച്ചത് ഒരു പുതിയ അനുഭവമല്ല. മുപ്പത്തഞ്ച് വർഷം മുമ്പ് പാടത്തേക്കിറങ്ങിയ അബൂബക്കർ ഇന്ന് മുഴുവൻ സമയ കർഷകനാണ്. പേരാവൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി വാഴ, മരച്ചീനി, പയർ, വെള്ളരി, കുമ്പളം തുടങ്ങിയ പച്ചക്കറികളൊക്കെ കൃഷി ചെയ്യുന്നുണ്ടെങ്കിലും ചീരയാണ് നല്ലൊരു വരുമാനമാർഗ്ഗം.

ഒരു വിള നഷ്ടപ്പെട്ടാലും വീണ്ടും കൃഷി ചെയ്യാമെന്നതാണ് ചീരയുടെ പ്രത്യേകത.

കർഷക കുടുംബ പശ്ചാത്തലത്തിൽ വളർന്ന അബൂബക്കറിന് പ്രചോദനമായത് ഉമ്മയുടെ ചീര കൃഷിയാണ്. ചെറിയ പ്രായത്തിൽ ചെറിയ കൃഷികൾ ചെയ്തായിരുന്നു തുടക്കം. പിന്നീടത് ഒരു തൊഴിലായി സ്വീകരിച്ചു. ഇന്ന്
ആറായിരത്തിലധികം ഏത്തവാഴകളുൾപ്പെടെ മിക്കവാറും പച്ചക്കറികളെല്ലാം കൃഷി ചെയ്യുന്ന കർഷകനാണ് അബൂബക്കർ. മികച്ച വരുമാനമാർഗ്ഗമായിരുന്ന ഏത്തവാഴ കൃഷി കൊവിഡ് പ്രതിസന്ധിയിൽ വിലത്തകർച്ച നേരിട്ടപ്പോൾ ഈ കൃഷിക്കാരന് തുണയായത് ചീരയായിരുന്നു.

രാവിലെ ആറരയോടെ കൃഷിസ്ഥലത്ത് എത്തിച്ചേരുന്ന അദ്ദേഹം പകൽ മുഴുവൻ കൃഷി പരിപാലനത്തിൽ മുഴുകും. എട്ടോളം സ്ഥലങ്ങളിൽ കൃഷിയുള്ളതിനാൽ സഹായത്തിന് ആളുകൾ ഉണ്ടെങ്കിലും ചീരയുടെ കാര്യം അബൂബക്കർ തന്നെയാണ് ശ്രദ്ധിക്കുന്നത്. കൃഷിക്ക് പൂർണ്ണ പിന്തുണയുമായി പേരാവൂർ കൃഷി ഓഫീസർ ഡോണ സ്‌കറിയ ഒപ്പമുണ്ട്.

ചിലവ് കുറവ്, വിളവ് പെട്ടെന്ന്

ചിലവു കുറഞ്ഞ കൃഷിയാണ് ചീര. തടമൊരുക്കുമ്പോൾ തന്നെ എല്ലുപൊടിയും, കോഴി കാഷ്ഠവും, വേപ്പിൻ പിണ്ണാക്കും ചേർത്ത് ഇളക്കിയാണ് വിത്തുപാകുന്നത്. തൈകൾ വളരുമ്പോൾ ചാണകവും വേപ്പിൻ പിണ്ണാക്കും പുളിപ്പിച്ചത് നേർപ്പിച്ച് ഇടയ്ക്കിടെ തളിക്കുന്നതൊഴിച്ചാൽ വേറെ വളപ്രയോഗം ആവശ്യമില്ല. ജൈവവളം മാത്രം ഉപയോഗിക്കുന്നതിനാൽ ചീര കൃഷിയിൽ സാധാരണയായി കണ്ടുവരാറുള്ള ഇലപ്പുള്ളി രോഗം ഒട്ടും ബാധിക്കില്ല. വിതച്ച് 40 ദിവസമാകുമ്പോഴേക്കും വിളവെടുപ്പിന് പാകമാകും.

സ്വയംതൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്നവരുടെ മുന്നിലുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് കൃഷി. ഒരു തൊഴിലായിക്കണ്ട് താത്പര്യത്തോടെ അതിനുവേണ്ടി സമയം കണ്ടെത്തിയാൽ മികച്ച ഒരു വരുമാന മാർഗ്ഗമായി കൃഷി മാറും.

അബൂബക്കർ

തികച്ചും ജൈവ രീതിയിലാണ് അബൂബക്കറിന്റെ ചീര കൃഷി. രാസവളങ്ങളും കീടനാശിനികളും ഒട്ടുമുപയോഗിക്കാതെ ഇലപ്പുള്ളി രോഗത്തെ പ്രതിരോധിച്ച് അരയേക്കറോളം സ്ഥലത്തെ കൃഷിയിൽ നിന്നും മികച്ച വിളവ് നേടിയതിലൂടെ മറ്റു കർഷകർക്ക് അദ്ദേഹം നല്ലൊരു മാതൃകയാണ്.

ഡോണ സ്‌കറിയ
കൃഷി ഓഫീസർ, പേരാവൂർ.