ഇരിട്ടി: കാട്ടാനക്കലിപ്പിൽ ഇനിയും ജീവൻ പൊലിയരുത് എന്ന പ്രാർത്ഥനയിൽ കഴിയുമ്പോഴാണ് മലയോരത്തിന് ഒരു ജീവൻ കൂടി ബലികൊടുക്കേണ്ടിവന്നിരിക്കുന്നത്. ഒന്നാം ബ്ളോക്കിൽ താമസിക്കുന്ന ചെത്ത് തൊഴിലാളി മട്ടന്നൂർ സ്വദേശി റിജേഷാണ് ഇന്നലെ രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്ന് മാസം മുമ്പ് ജസ്റ്റിൻ തോമസ് എന്നയാളുടെ മരണത്തിന്റെ ആഘാതം വിട്ടുമാറുന്നതിനു മുമ്പാണ് റിജേഷിനെയും കാട്ടാന ചവിട്ടിയരച്ചത്.
ആറളം, ഇരിട്ടി, ഉളിക്കൽ, പയ്യാവൂർ മേഖലകൾ കാലങ്ങളായി കാട്ടാനകൾ മൂലം കടുത്ത ഭീതിയിലാണ്. കാട്ടാന പ്രതിരോധ പ്രവർത്തനങ്ങൾ ലക്ഷ്യം കാണാത്തതിൽ ക്ഷുഭിതരാണ് നാട്ടുകാരെല്ലാം.
റിജേഷിന്റെ മരണത്തിൽ പ്രതിഷേധിച്ച് പ്രദേശത്ത് തടിച്ചുകൂടിയ നൂറുകണക്കിന് നാട്ടുകാരും തൊഴിലാളികളും സംഭവസ്ഥലത്തെത്തിയ ഡി.എഫ്.ഒ കാർത്തിക്കിനെയും ആറളം വൈൽഡ് ലൈഫ് വാർഡനെയും തടഞ്ഞുവെച്ചു. ആനപ്രതിരോധ കാര്യത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രാദേശിക നേതാക്കൾ സംസാരിച്ചിട്ടും പ്രതിഷേധക്കാർ വഴങ്ങിയില്ല. പന്ത്രണ്ട് മണിയോടെ എം.എൽ.എമാരായ അഡ്വ. സണ്ണിജോസഫ്, കെ.കെ. ശൈലലജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുനോയി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, എ. ഡി.എം കെ.കെ. ദിവാകരൻ എന്നിവർ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷം ഫാമിനുള്ളിലെ മുഴുവൻ കാട്ടാനകളെയും നാളെ തന്നെ കാട്ടിലേക്ക് തുരത്താനുള്ള സംവിധാനം ഒരുക്കാമെന്ന ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
9 വർഷം; ചതഞ്ഞരഞ്ഞത് 11 ജീവൻ
സുഹൃത്തിനെ എയർപ്പോർട്ടിൽ കൊണ്ടുചെന്നാക്കി മടങ്ങുമ്പോഴാണ് വിനോദൻ കാട്ടാനയുടെ മുന്നിൽപെടുന്നത്. ബൈക്ക് ഇട്ട് ഓടാൻ തുടങ്ങുന്നതിന് മുന്നെ തുമ്പിക്കൈകൊണ്ടുള്ള ആദ്യ പ്രഹരം വീണു. വേദന കിനിഞ്ഞിറങ്ങുന്ന മുറിവുകളുമായി ജീവിതം തള്ളിനീക്കുകയാണ് ഈ പ്രവാസി ഇപ്പോൾ.
ആറളം വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ കൊമ്പനാണ് വിനോദന്റെ ജീവിതം തകർത്തതെങ്കിൽ കർണാടക വനത്തിൽ നിന്നെത്തിയ ആനയാണ് വള്ളിത്തോട് സ്വദേശി ജസ്റ്റിന്റെ പ്രാണനെടുത്തത്.
2014 ഏപ്രിലിൽ ചോമാനിയിൽ മാധവി എന്ന ആദിവാസി സ്ത്രീ കൊല്ലപ്പെട്ടതോടെയാണ് ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായത്. ബാലൻ, അമ്മിണി എന്നിവരും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.കൈതച്ചക്ക കൃഷിയുടെ വാച്ചറായ എടപ്പുഴ സ്വദേശി റജി എബ്രഹാമും കാട്ടാന ആക്രമണത്തിന് ഇരയായി.
കഴിഞ്ഞ വർഷം നവംബറിൽ ആറളം ഫാമിലെ പതിനേഴുകാരൻ വിബീഷ് കടയിൽ പോയി മടങ്ങുമ്പോൾ കൊമ്പന്റെ മുമ്പിൽ പെട്ടു. നിലവിളി തൊണ്ടയിൽ നിന്നും പുറത്തുവരും മുമ്പെ പെരുംകാല് പതിനേഴുകാരന്റെ നെഞ്ചുംകൂട് തകർത്തു. മാർച്ചിൽ ആഗസ്തിയെന്ന കർഷകനെ കാട്ടാന കൊമ്പിൽ കുരുക്കി. ഏപ്രിലിൽ ജീവൻ പൊലിഞ്ഞത് ഫാമിലെ തൊഴിലാളിയായ ദന്തപാലൻ നാരായണന്റേത്.
2018 ഒക്ടോബറിൽ ആറളത്തെ കുടിലിൽ ഉറങ്ങുകയായിരുന്ന ദേവൂ കാര്യാത്തെന്ന ആദിവാസി വൃദ്ധനെ ആന ചവിട്ടിക്കൊന്നു. 2017 ഫെബ്രുവരിയിൽ ആദിവാസി മൂപ്പൻ ഗോപാലനായിരുന്നു ഇര. തുടർന്ന് കേളകത്തെ ബിജുവും ആനച്ചുവടിൽ പ്രാണൻ വെടിഞ്ഞു.
40 ആനകൾ
ആറളം ഫാമിനകത്ത് മാത്രം നാൽപതിലേറെ ആനകളാണ് രാവും പകലും ചുറ്റിക്കറങ്ങുന്നത്.