
കണ്ണൂർ:എയ്ഡഡ് യു.പി സ്‌കൂൾ ഓഫീസ് അറ്റൻഡർമാരെ സർക്കാർ സ്‌കൂളിൽ പരീക്ഷ ചോദ്യ പേപ്പറുകളുടെ രാത്രികാല കാവൽ ജോലിക്ക് നിയമിക്കുന്നത് വിവാദമാകുന്നു. സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ഒന്നാം വർഷം, രണ്ടാംവർഷ, സേ പരീക്ഷകൾക്കുള്ള ചോദ്യ പേപ്പറുകളുടെ ചുമതലയാണ് സ്‌കൂളുകളുമായി ബന്ധമില്ലാത്ത എയ്ഡഡ് യു.പിയിലെ ജീവനക്കാർക്ക് നൽകിയിരിക്കുന്നത്.
രാത്രി കാവൽ പലർക്കും പരിചയമില്ലെങ്കിലും ജോലി ചെയ്യാൻ ഇവർ നിർബന്ധിപ്പിക്കപ്പെടുകയാണ്. നേരത്തെ പൊലീസ് സുരക്ഷ ഉൾപ്പെടെയുണ്ടായിരുന്ന ജോലിയാണ് ഈ വിഭാഗം ചെയ്യുന്നത്.
നിലവിൽ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ മൂന്നോ നാലോ ഓഫീസ് അറ്റൻഡർമാരുണ്ട്. ഇവരെ ജോലിക്കായി നിയമിക്കാതെയാണ് യു.പി സ്‌കൂളിൽ നിന്നുള്ളവരെ കഷ്ടപ്പെടുത്തുന്നതെന്നാണ് ആക്ഷേപം.
ഇതിനെതിരെ കേരള എയ്ഡഡ് സ്കൂൾ ലാസ്റ്റ് ഗ്രേഡ് എപ്ലോയീസ് യൂണിയൻ രംഗത്തുവന്നിട്ടുണ്ട്.
വർഷത്തിൽ രണ്ടും മൂന്നും തവണയായി ഒരാഴ്ച മുതൽ മൂന്ന് ആഴ്ച വരെയാണ് പലരെയും ചുമതലപ്പെടുത്തുന്നത്. ഇത്തരക്കാർക്ക് ആവശ്യമായ സൗകര്യമോ മറ്റ് ആനുകൂല്യങ്ങളോ നൽകാതെയാണ് നിയമവിരുദ്ധമായി ജോലി ചെയ്യിക്കുന്നത്. ഒന്നും രണ്ടും ഏക്കറുള്ള സ്കൂളുകളിൽ പലരും രാത്രി കാല കാവൽ നിൽക്കുന്നത് ഭയപ്പാടോടെയാണ്. നേരത്തെ പൊലീസിനെയും മറ്റും ഇത്തരം ജോലിക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടു വർഷമായി യു.പി സ്‌കൂൾ ജീവനക്കാരെയാണ് നിയമിക്കുന്നത്.
കണ്ണൂരിൽ കൂടുതൽ
കൂടുതലായും കണ്ണൂർ ജില്ലയിലാണ് ഇത്തരത്തിൽ ജോലി ഏൽപ്പിക്കുന്നതെന്ന് ജീവനക്കാർ പറഞ്ഞു. മുൻ പരിചയം ഇല്ലാത്ത ഒഴിഞ്ഞ സ്ഥലത്തുള്ള സർക്കാർ സ്‌കൂളിൽ രാത്രി കാവൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒരു സ്ഥാപനത്തിൽ ഒരാളെ എന്ന നിലയിലാണ് നിയമിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നാണ് നിയമന ഉത്തരവ് ലഭിക്കുന്നത്. ആവശ്യമായ സൗകര്യമോ ഭക്ഷണമോ പലയിടത്തും ലഭിക്കാറില്ല. പരീക്ഷ തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന് കാവൽ ജോലി ചെയ്യുന്നവർ പറഞ്ഞു. ഇതിന് ബദൽ സംവിധാനം ഒരുക്കണമെന്നും നിയമ വിരുദ്ധമായ ജോലി അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
രാത്രി കാല കാവൽ ഏറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. വളരെ ദൂരമുള്ള പരിചയം പോലുമില്ലാത്ത സ്കൂളുകളിൽ പോലും കാവൽ ജോലി ചെയ്യിപ്പിക്കുന്നത് പലരെയും മാനസികമായി തളർത്തുന്നുണ്ട്. ചിലർക്ക് രാത്രി കാവലിന് ശേഷം സ്വന്തം സ്കൂളിലെ ജോലിയും ചെയ്യേണ്ടി വരുന്നുണ്ട്.
ടി.വി. അനിൽ കുമാർ, സംസ്ഥാന ട്രഷറർ, കേരള എയ്ഡഡ് സ്കൂൾ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് യൂനിയൻ