
കാസർകോട്: ഹയർസെക്കൻഡറി പരീക്ഷാ നടത്തിപ്പിൽ അദ്ധ്യാപകരുടെ ഡ്യൂട്ടി സംബന്ധിച്ച വ്യക്തതയില്ലാത്ത വാട്സ്ആപ്പ് മെസ്സേജുകൾ അയച്ച് വിദ്യാഭ്യാസവകുപ്പ്. വാക്കാലും വാട്സ്ആപ്പ് വഴിയും ഉത്തരവുകളും തലതിരിഞ്ഞ നിർദ്ദേശങ്ങളുമായി ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർ നട്ടംതിരിച്ചിലിലാണിപ്പോൾ.
ഇന്നലെയാണ് ഹയർ സെക്കൻഡറി പരീക്ഷ തുടങ്ങിയത്. പരീക്ഷാഡ്യൂട്ടി ഇല്ലാത്ത അദ്ധ്യാപകർ മാതൃസ്കൂളിൽ വരേണ്ടെന്നും വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസ് കൈകാര്യം ചെയ്യണമെന്നുമാണ് ഒരു വാട്സ്ആപ് സന്ദേശം. പ്രിൻസിപ്പൽ ഓൺ ലൈൻ ക്ലാസ് മോണിറ്റർ ചെയ്യണമെന്ന് മറ്റൊരു സന്ദേശം. അതേസമയം പ്രിൻസിപ്പൽ പരീക്ഷ കാര്യക്ഷമതയോടെ നടത്തണമെന്നും കൃത്യമായി നിരീക്ഷിക്കണമെന്നുമുള്ള കർശന നിർദ്ദേശവും വന്നിട്ടുണ്ട്. ഇതിൽ പ്രിൻസിപ്പാൾ ഏതാണ് ചെയ്യേണ്ടതെന്ന് വാട്സ്ആപ്പിൽ വ്യക്തതയില്ല. സ്കൂളിൽ വരാതെ ഓൺലൈൻ ക്ലാസെടുക്കുന്ന അദ്ധ്യാപകരുടെ ഹാജർ എങ്ങനെ രജിസ്റ്ററിൽ രേഖപ്പെടുത്തുമെന്നതാണ് മറ്റൊരു പ്രധാന വിഷയം. സാധാരണയായി സ്കൂളിൽ ഹാജരായാണ് അദ്ധ്യാപകർ ഒപ്പിടുന്നത്. ഡ്യൂട്ടി മറ്റൊരു സ്ഥലത്താണെങ്കിൽ ഡ്യൂട്ടി സർട്ടിഫിക്കറ്റ് പ്രകാരം ഒ.ഡി മാർക്ക് ചെയ്യും. മൂന്നാമതായി അപേക്ഷിച്ച അവധി മാർക്ക് ചെയ്യും. ഇതൊന്നുമില്ലെങ്കിൽ ആബ്സന്റ് മാർക്ക് ചെയ്യും. പിന്നീട് ഏതെങ്കിലും ഉത്തരവ് പ്രകാരം റിമാർക്ക് എഴുതാം. ഇവിടെ ഇതൊന്നും സാദ്ധ്യമല്ലെന്നാണ് പ്രിൻസിപ്പൽമാർ പറയുന്നത്.
പ്രശ്നം ഉത്തരവിറങ്ങാത്തത്
ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഇറങ്ങാത്തത് തന്നെയാണ് പ്രശ്നം. ഹയർ സെക്കൻഡറി പരീക്ഷ സംബന്ധിച്ച് മുൻകൂട്ടി ഉത്തരവുകൾ ഒന്നും ഇറങ്ങാത്തതിനാൽ ഭൂരിഭാഗം അദ്ധ്യാപകരും സ്വന്തം നാട്ടിലുമാണ്. തലേന്നാൾ ഇറങ്ങിയ വാട്സ്ആപ് എല്ലാവരെയും ബുദ്ധിമുട്ടിൽ ആക്കിയിട്ടുണ്ട്.
അദ്ധ്യാപകർ മറ്റു സ്കൂളുകളിൽ പരീക്ഷാഡ്യൂട്ടി ചെയ്യേണ്ടത് ഒരു ദിവസമോ രണ്ടു ദിവസമോ അര ദിവസമോ ആണ്. ഹയർ സെക്കൻഡറി പരീക്ഷ അഞ്ച് ദിവസമാണ്. സാഹചര്യം അനുസരിച്ച് ഒപ്പിടാനുള്ള വിചിത്ര നിർദ്ദേശമാണ് വാട്സ്ആപിൽ അദ്ധ്യാപകർക്കും നൽകിയത്. അങ്ങനെ നോക്കി ഒപ്പിട്ടാൽ ആ ദിവസങ്ങളിലെ ശമ്പളം ഇവർക്ക് കൊടുക്കാൻ പറ്റില്ലെന്നും പറയുന്നു. കൊവിഡ് സാഹചര്യം ആയതിനാൽ രാവിലെയും ഉച്ചയ്ക്കും പരീക്ഷ നടത്താനും നിർവ്വാഹമില്ല. പ്രിൻസിപ്പൽമാരെ കുഴക്കുന്ന നിലപാടുകളാണ് അധികൃതർ എടുത്തിരിക്കുന്നത്.