palam
കൂട്ടുപുഴ പാലം മന്ത്രി മുഹമ്മദ് റിയാസ് തുറന്ന വാഹനത്തിൽ സഞ്ചരിച്ചു തുറന്നുനൽകുന്നു. സണ്ണി ജോസഫ് എം.എൽ.എ, വീരാജ് പേട്ട എം.എൽ.എ കെ.ജി. ബൊപ്പയ്യ, വീരാജ് പേട്ട എം.എൽ.സി സുജ കുശാലപ്പ, കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ സമീപം

ഇരിട്ടി: രണ്ട് സംസ്ഥാനങ്ങളെയും രണ്ട് സംസ്‌കാരങ്ങളേയും ബന്ധിപ്പിക്കുന്ന കേരളാ -കർണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ കേരളം നിർമ്മിച്ച പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. ആഹ്ലാദം മുറ്റിനിന്ന അന്തരീക്ഷത്തിലും കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചടങ്ങ് ലളിതമായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, പേരാവൂർ എം.എൽ.എ സണ്ണി ജോസഫ്, വീരാജ്‌പേട്ട എം.എൽ.എ കെ.ജി. ബൊപ്പയ്യ, കുടക് ജില്ലയിൽ നിന്നുമുള്ള കർണാടക എം.എൽ.സി സുജ കുശാലപ്പ, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രജനി എന്നിവർ തുറന്ന ജീപ്പിൽ പാലത്തിലൂടെ സഞ്ചരിച്ചായിരുന്നു ഉദ്ഘാടനം.
ജനുവരി ഒന്നിന് പാലം ഗതാഗതത്തിന് തുറക്കാൻ തീരുമാനിച്ചിരുന്നു. അന്ന് കർണാടക അധികൃതരെ പരിഗണിച്ചില്ലെന്ന പരാതി ഉയരുകയും തീരുമാനം മാറ്റുകയുമായിരുന്നു. കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഉദ്ഘാടന വിവരം ഇത്തവണ രേഖാമൂലം വീരാജ്‌പേട്ട എം.എൽ.എയെയും ബന്ധപ്പെട്ടവരെയും അറിയിക്കുകയായിരുന്നു. കെ.എസ്.ടി.പി പദ്ധതിയിൽ 356 കോടിയുടെ തലശേരി-വളവുപാറ അന്തർ സംസ്ഥാന പാത നവീകരണത്തിൽ ഉൾപ്പെടുത്തിയാണ് കൂട്ടുപുഴയിൽ പുതിയ പാലം നിർമ്മിച്ചത്.
കുടക് ഡി.സി.സി സെക്രട്ടറി പി.കെ. പ്രിത്യുനാഥ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗ്ഗീസ്, സി.പി.എം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ, എൻ. അശോകൻ, ഇ.എസ്. സത്യൻ, സിബി വാഴക്കാല, ബി.ജെ.പി നേതാക്കളായ വത്സൻ തില്ലങ്കേരി, വി.വി. ചന്ദ്രൻ, എം.ആർ. സുരേഷ് തുടങ്ങിയവരും പങ്കെടുത്തു. കുടക് ജനപ്രതിനിധികൾക്ക് ബി.ജെ.പി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിന് സമീപം സ്വീകരണം നൽകി.