കാഞ്ഞങ്ങാട്: കുട്ടയും വട്ടിയുമായി കൊവിഡ‌് കാലത്തും പട്ടിണി മാറ്റാനായി അവർ കുടുംബ സമേതമെത്തി. ആന്ധ്ര നെല്ലൂരിൽ നിന്നാണ് ആറു കുടുംബങ്ങൾ നീലേശ്വരം ബങ്കളം റോഡിലെ ദിവ്യംപാറയിൽ താമസിച്ച് ചൂരൽ കുട്ടകൾ, വട്ടികൾ, കോഴിക്കൂട്, കുരിയ, ചെല്ലം, കൊട്ട തുടങ്ങി പത്തിലധികം വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങൾ നെയ്തെടുക്കുന്നത്. ഇരുപതോളം പേർ ഈ സംഘത്തിലുണ്ട്.
കൊവിഡ് കാരണം രണ്ട് വർഷത്തെ കച്ചവടം നിന്നുപോയത് ഇവരെ സാരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും പുതിയ പ്രതീക്ഷയും സ്വപ്നവും പേറി ഇവർ എത്തി. ഇവരുടെ കരവിരുത് വിസ്മയത്തോടെ നോക്കി നിൽക്കുകയാണ് നാട്ടുകാർ. വ്യത്യസ്ത രീതിയിലുള്ള കോഴിക്കൂടിന് വില 1600 രൂപയാണ്.
വിലപേശലും വില്പനയും റോഡരികിൽ തകൃതിയായി നടക്കുന്നു. 20,000 മുതൽ 100 രൂപ വരെയായി വ്യത്യസ്തമായ ഉല്പന്നങ്ങൾ. പാണ്ഡു, വെങ്കി, നരസിംഹ, ബുഡമ്മാ, മസ്താൻ, സെങ്ങമ്മ എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തിന്റെ വരവ്. രണ്ട് വർഷം മുമ്പ് പാലക്കാടും, അതിന് മുമ്പ് കോട്ടയത്തും ഇവർ കച്ചവടം നടത്തിയിരുന്നു. ചൂരൽ കൊണ്ട് ആകർഷകമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നതിൽ ഇവർക്ക് പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ട്.
ബംഗളൂരുവിൽ നിന്നും കൊണ്ടുവന്ന ഫർണീച്ചറും ഇവർ വിൽക്കുന്നു. റോഡരികിൽ ചൂരൽ കൊണ്ട് തയ്യാറാക്കിയ പ്രത്യേക ഷെഡ്ഡുകളിലാണ് ഇവരുടെ താമസം. കുട്ടികളും നാടോടി സംഘത്തിലുണ്ട്. വർഷത്തിൽ എട്ടു മാസം ഇതുപോലെ നാടുചുറ്റി കച്ചവടം ചെയ്യുന്ന ഇവർ മഴക്കാലം തുടങ്ങിയാൽ നാട്ടിലേക്ക് മടങ്ങും. പിന്നീട് കൃഷിപ്പണിയാണ്. കൃഷിപ്പണി കഴിഞ്ഞാൽ ചൂരൽ ശേഖരിക്കുകയാണ് ഇവരുടെ പ്രധാനതൊഴിൽ. അതു കഴിഞ്ഞാൽ അടുത്ത നാടുതേടി ഇറങ്ങും. ബങ്കളം ദിവ്യംപാറയിൽ എത്തി ആഴ്ച ഒന്ന് കഴിഞ്ഞു. നാട്ടുകാരുടെ നല്ല സഹകരണം ലഭിച്ചു വരുന്നുണ്ടെന്ന് പാണ്ഡു പറഞ്ഞു.