cpi

തളിപ്പറമ്പ്: സി.പി.എം വിട്ട് സി.പി.ഐയിലേക്ക് പോയ 36 പേർക്ക് മെമ്പർഷിപ്പ് നൽകി സി.പി.ഐ. മാന്ധംകുണ്ട് ഭാഗത്തുനിന്ന് കോമത്ത് മുരളീധരനൊപ്പം പോയവർക്കാണ് മെമ്പർഷിപ്പ് നൽകിയത്. മാന്ധംകുണ്ടിലും പാളയാടും സി.പി.ഐ രണ്ട് ബ്രാഞ്ചുകൾ രൂപീകരിച്ചു. പാളയാട് ബ്രാഞ്ച് സെക്രട്ടറിയായി കെ. മനോഹരനെയും മാന്ധംകുണ്ട് ബ്രാഞ്ച് സെക്രട്ടറിയായി വിജേഷ് മണ്ടൂരിനെയും തിരഞ്ഞെടുത്തു.

മാന്ധംകുണ്ട് ബ്രാഞ്ച് രൂപീകരണ യോഗത്തിൽ കോമത്ത് മുരളീധരനും പാളയാട്ടെ യോഗത്തിൽ വി. അയ്യപ്പൻ പിള്ളയും അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാക്കളായ വേലിക്കാത്ത് രാഘവൻ, വി.വി. കണ്ണൻ, സി. ലക്ഷ്മണൻ, എം. രഘുനാഥ്, ഡി.എം. ബാബു, എം. സുധാകരൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. സി.പി.എം മെമ്പർഷിപ്പ് ഉള്ളവർക്ക് നേരിട്ടും മറ്റുള്ളവർക്ക് കാൻഡിഡേറ്റ് മെമ്പർഷിപ്പും ആണ് നൽകിയത്.

ഫെബ്രുവരി പത്തിന് സംസ്ഥാനത്ത് സി.പി.ഐയുടെ സമ്മേളനങ്ങൾ ആരംഭിക്കുകയാണ്. ഈ സമ്മേളനങ്ങളിൽ കോമത്ത് മുരളീധരൻ ഉൾപ്പെടെയുള്ള മുൻ സി.പി.എം നേതാക്കൾക്ക് ഉയർന്ന കമ്മിറ്റികളിൽ പ്രാതിനിധ്യം നൽകും. സി.പി.ഐയിൽ ചേർന്ന രണ്ടുപേർക്ക് മണ്ഡലം കമ്മിറ്റിയിലും മുരളിക്ക് ജില്ലാ കമ്മിറ്റിയിലും സ്ഥാനം നൽകാനാണ് സാദ്ധ്യത.