നീലേശ്വരം: ഇടത്തോട് -നീലേശ്വരം റോഡിൽ പൂവാലംകൈയിലെ വായനശാല കെട്ടിടം പൊളിഞ്ഞ് കാടുമൂടി കിടക്കുകയാണ്. 1970 ൽ തദ്ദേശവാസികളിൽ ചിലരുടെ പ്രവർത്തന ഫലമായാണ് ദേശീയ വികസന സമിതി വായനശാല പ്രവർത്തനം തുടങ്ങിയത്. 1980 ൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. നാട്ടുകാരുടെ സഹകരണത്തോടെ പുസ്തകങ്ങൾ ശേഖരിച്ചതോടെ വായനശാലയിൽ പുസ്തകപ്രേമികളുടെ എണ്ണം കൂടി. അന്നത്തെ പഞ്ചായത്ത് ഭരണസമിതി രണ്ട് വർത്തമാന പത്രങ്ങൾ വായനശാലയിൽ അനുവദിക്കുകയും ചെയ്തിരുന്നു.

വായനശാലയോടനുബന്ധിച്ച് തുടർവിദ്യാ കേന്ദ്രം, നഴ്സറി സ്കൂൾ എന്നിവയും തുടങ്ങി. വായനശാല ഭരണസമിതി വൈദ്യുതി കണക്ഷനും സംഘടിപ്പിച്ചു. പിന്നീട് വൈദ്യുതി ബിൽ കുടിശികയായി വൈദ്യുതി ബോർഡിന്റെ റിക്കവറി നോട്ടീസും വന്നു. തുടർന്ന് സ്വകാര്യ വ്യക്തി കുടിശിക തീർത്തിരുന്നു. കമ്മിറ്റിയിലെ ചിലർ പല വഴിക്ക് തിരിഞ്ഞതോടെയാണ് വായനശാലയുടെ നാശം തുടങ്ങിയത്.

കെട്ടിടം തകർന്ന് ഉള്ള പുസ്തകം ചിതലരിച്ച് നശിക്കുകയും ചെയ്തു. കെട്ടിടം ഇപ്പോൾ കാടുമൂടി കിടന്ന് പുറത്തേക്ക് കാണാൻ പറ്റാത്ത അവസ്ഥയിലാണ്.

വായനശാല കെട്ടിടവും സ്ഥലവും അന്നത്തെ കമ്മിറ്റിയുടെ പേരിലാണുള്ളത്. അത് നഗരസഭക്ക് കൈമാറിയാൽ ആധുനിക രീതിയിലുള്ള വായനശാല കെട്ടിടം പണിയാനുള്ള ഫണ്ട് അനുവദിക്കാൻ ശ്രമിക്കും.

നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. ലത