പയ്യന്നൂർ: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. ചിറ്റാരിക്കൊവ്വലിലെ പി. അബ്ഷാദ് (22), പെരുമ്പയിലെ ഒ.വി. അബ്ദുൾ മുഹൈമിൻ (22) എന്നിവരെയാണ് എക്സൈസ് പയ്യന്നൂർ റേഞ്ച് ഇൻസ്പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ തണൽ ഇക്കോ പാർക്കിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നുമായി ഇരുവരെയും പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം പാർക്കിൽ എത്തിയപ്പോഴാണ് കാറിൽ കടത്തികൊണ്ടു വന്ന മയക്കുമരുന്നുമായി പ്രതികൾ പിടിയിലാകുന്നത്. ഇവരുടെ കാറിൽ നിന്ന് 4.450 ഗ്രാം മെത്തഫിറ്റമിൻ കണ്ടെടുത്തു. പിടിയിലായ അബ്ഷാദ് പയ്യന്നൂർ മേഖലയിലെ പ്രധാന ലഹരി വിൽപ്പനക്കാരനെണെന്ന് എക്സൈസ് പറഞ്ഞു. കഴിഞ്ഞ മാസം ചിറ്റാരികൊവ്വൽ ഭാഗത്തു
നിന്നും പിടികൂടിയ കഞ്ചാവ് കേസിനെതുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിനിടയിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്‌പെക്ടർ എം. യൂനസ്, പ്രിവന്റീവ് ഓഫീസർ മാരായ വി. മനോജ്, പി.എം.കെ.സജിത് കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പീതാംബരൻ, സുരേഷ് ബാബു, ഖാലിദ്, സിവിൽ ഓഫീസർമാരായ ഷിജു, വിജിത്ത്, സന്തോഷ്, സജിൻ, സൂരജ്, സുനിത എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.