പെരളശ്ശേരി: കണ്ണൂർ- കൂത്തുപറമ്പ് സംസ്ഥാന പാതയിൽ പെരളശ്ശേരിയിൽ മൂന്നാംപാലം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ പാലം പൊളിച്ചുമാറ്റുന്ന പ്രവൃത്തി ഇന്നലെ രാവിലെ തുടങ്ങി. പാലത്തിന്റെ ഇരുമ്പ് കൈവരികൾ അറുത്ത് മാറ്റി. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് കൂത്തുപറമ്പ് ഭാഗത്തെ പാലത്തിന്റെ വശങ്ങൾ പൊളിച്ചു നീക്കൽ തുടങ്ങി. ഇ.വി. കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.

പാലം നിർമ്മാണം പൂർത്തിയാക്കാൻ ഒരു വർഷ കാലയളവുണ്ടെങ്കിലും അടുത്ത മഴക്കാലത്തിന് മുൻപ് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കരാറുകാരൻ അറിയിച്ചു.
12 മീറ്റർ നീളവും 11.05 വീതിയിൽ കൈവരിയോടെ നിർമ്മിക്കുന്ന പുതിയ പാലത്തിന് നിലവിലുള്ള റോഡിൽ നിന്ന് ഒന്നര മീറ്റർ ഉയരവുമുണ്ടാകും. തോടിലൂടെയുള്ള വെളളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിനാൽ ഒരുവശം പൊളിച്ചാണ് പൈലിംഗ് നടത്തുക. പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതത്തിന്ന് പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്.

മാവിലായി പൊതുജന വായനശാലയുടെയും സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിനും ഇടയിലായി നിർമ്മിച്ച താൽക്കാലിക റോഡിന് വേണ്ടത്ര വീതിയല്ലെന്ന പരാതി പ്രദേശവാസികൾക്കുണ്ട്. സ്വകാര്യബസുകളും ചരക്കുലോറികളുമുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ നിത്യവും സഞ്ചരിക്കുന്ന റൂട്ടാണിത്.

ചെലവ് ഒന്നരക്കോടി

ജില്ലയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാനപാത. മൂന്നാംപാലം അപകടവാസ്ഥയിലായതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിക്കുകയും പാലം പുനർനിർമ്മാണത്തിന് അനുമതി നൽകുകയുമായിരുന്നു. ഒന്നര കോടി രൂപയാണ് പുതിയ പാലം നിർമിക്കുന്നതിനായി അനുവദിച്ചത്. കഴിഞ്ഞ ജൂണിലാണ് മാവിലായി വലിയ തോടു പാലത്തിന്റെ ഒരുഭാഗത്തെ തുണിന്റെ കരിങ്കല്ലുകൾ ഇളകി വീണത്. എന്നാൽ അന്ന് മഴക്കാലമായതിനാലും തോട്ടിൽ ശക്തമായ ഒഴുക്കുള്ളതിനാലും താൽക്കാലികമായി പാലം ബലപ്പെടുത്തുകയായിരുന്നു.