പയ്യന്നൂർ: വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോകാനൊരുങ്ങിയ ബൈക്ക് യാത്രികരെ നാട്ടുകാർ പിടികൂടി പരിശോധിച്ചപ്പോൾ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തി. കാസർകോട് ബേള കടമ്പളയിലെ പുഞ്ഞാർ ഹൗസിൽ മുഹമ്മദ് ഹാരിഫ് (26) ,​ കാസർകോട് തെരുവത്ത് സിറാമിക്സ് റോഡിലെ ബാദുഷ ( 22) എന്നിവരിൽ നിന്നാണ് 100 ഗ്രാം കഞ്ചാവും നിരോധിതപുകയില ഉൽപ്പന്നങ്ങളും പിടികൂടിയത്.

ബൈക്കിൽ കാസർകോട് ഭാഗത്തുനിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന ഇവരുടെ ബൈക്ക് ദേശീയപാതയിൽ കണ്ടോത്ത് ക്ഷേത്രത്തിന് സമീപം വഴിയാത്രക്കാരനായ വെള്ളൂർ സ്വദേശി റിജുവിനെ (38) ഇടിക്കുകയായിരുന്നു. തെറിച്ചുവീണ റിജുവിന് പരിക്കേറ്റു. ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ ബൈക്ക് പിടികൂടി പരിശോധിക്കുകയായിരുന്നു. രണ്ടു പൊതികളിലായി ഒളിപ്പിച്ചുവച്ച നിലയിൽ ബൈക്കിൽ നിന്നും കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ എസ്.ഐ ടി.വിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും അറസ്റ്റുചെയ്തു.