
കുറ്റ്യാടി: മികച്ച കലാസംവിധായകനുള്ള പതിമൂന്നാമത് ഭരത് പി.ജെ ആന്റ്ണി പുരസ്കാരം സുരേഷ്ബാബു നന്ദനയ്ക്ക്. ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച കലാസംവിധായകനുള്ള അവാർഡാണ് കക്കട്ടിൽ സ്വദേശിയായ സുരേഷ് ബാബു നന്ദന കരസ്ഥമാക്കിയത്. ബൈജുരാജ് ചേകവർ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിനാണ് പ്രസ്തുത അവാർഡ് .
നിരവധി മലയാളം തമിഴ് ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ധബാരി ക്യൂരിവി, മമ്മൂട്ടി നായകനായ ഭീഷ്മപർവം എന്നീ ചിത്രങ്ങളുടെ പിന്നണിയിലും സുരേഷ് ബാബു പ്രവർത്തിച്ചിട്ടുണ്ട്. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. മികച്ചചിത്രകാരൻ കൂടിയായ സുരേഷ് ബാബു നന്ദന നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങൾക്ക് ഇദ്ദേഹം കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. സിനിമാരംഗത്ത് സെറ്റുകളുടെ ഡ്രോയിംഗ്, സ്റ്റോറി ബോർഡ് ക്യാരക്ടർ മെയ്ക്ഓവർ എന്നീ മേഖലകളിലും ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു. ഭാര്യ ലിജിന, നന്ദന എസ് ബാബു, നന്ദജ് എന്നിവർ മക്കളാണ്.