happynewyear

കോഴിക്കോട്: കടുത്ത നിയന്ത്രണങ്ങൾക്കിടയിലും പുതുവർഷത്തിന് സ്വാഗതമോതി മലയാളികൾ. രാത്രി നിയന്ത്രണം ആഘോഷപ്പൊലിമ കുറച്ചെങ്കിലും ആവേശം അണപൊട്ടിയൊഴുകി. പലരുടെയും പുതുവത്സരാഘോഷം വീടുകളിലായിരുന്നു. നിരത്തുകൾ വിജനമായെങ്കിലും പുതുവർഷം പിറന്ന നിമിഷം ചുറ്റും ആഹ്ലാദാരവങ്ങൾ ഉയർന്നു. പടക്കം പൊട്ടിച്ചും ആർപ്പുവിളിച്ചും 2022നെ സ്വാഗതം ചെയ്തു. ഫെയ്സ്ബുക്ക്, വാട്സ് ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ആശംസാ പ്രവാഹമായിരുന്നു. പതിവിൽ വ്യത്യസ്തമായി ഇൻസ്റ്റഗ്രാമിലൂടെ പുതുവർഷം ആഘോഷിക്കാൻ ജില്ലാ കളക്ടറും എത്തി. പരിപാടികളുമായി പിന്നണി ഗായകരും ഒപ്പമുണ്ടായിരുന്നു.

ഒമിക്രാൺ ഭീതി നിലനിൽക്കുന്നതിനാൽ രാത്രി ആഘോഷം വേണ്ടെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് പൊലീസ് നിയന്ത്രണം ശക്തമാക്കിയിരുന്നു. നഗര-ഗ്രാമ റോഡുകളിൽ പഴുതടച്ച പരിശോധന നടന്നു. രാത്രി 9.30 വരെ ആഘോഷങ്ങൾ അനുവദിച്ചതിനാൽ നിയന്ത്രമുണ്ടായിട്ടും ആയിരങ്ങൾ കോഴിക്കോട് ബീച്ചിലെത്തി. വൈകിട്ട് ആറോടെ കടപ്പുറത്തേക്കുള്ള ഗതാഗതം വിലക്കിയെങ്കിലും ഊടുവഴികളിലൂടെയും മറ്റുമാണ് ആളുകൾ ബീച്ചിലെത്തിയത്. പത്തുമണിയോടെയാണ് ആളുകൾ ഒഴിഞ്ഞുപോയത്.

ഹോട്ടലുകളും ബാറുകളും പത്ത് മണിയോടെ പ്രവർത്തനം അവസാനിപ്പിച്ചു. കേക്കുകൾക്ക് വലിയ ക്ഷാമമാണ് നേരിട്ടത്. പല കേക്ക് ഷോപ്പുകൾക്ക് മുന്നിലും നീണ്ട ക്യൂവായിരുന്നു. വീടുകളിൽ ആഘോഷം കൊഴുപ്പിക്കാൻ പലരും പാർസൽ ഭക്ഷണത്തെ ആശ്രയിച്ചതോടെ ഹോട്ടലുകളിലും നല്ല തിരക്കായിരുന്നു. പൊലീസ് നിരീക്ഷണം കർശനമായതിനാൽ ജില്ലയിൽ കേസുകൾ കുറവായിരുന്നു. അനാവശ്യമായി വാഹനങ്ങളുമായി നഗരത്തിലെത്തിയവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പും രംഗത്തുണ്ടായിരുന്നു. പുതുവത്സരം ആഘോഷിക്കാൻ നഗരത്തിലെത്തുന്നവരെ നിയന്ത്രിക്കാൻ സിറ്റിയിൽ എഴുന്നൂറോളം പൊലീസുകാരെയാണ് അധികമായി നിയോഗിച്ചത്.