anganvadi

കോഴിക്കോട്: ജില്ലയിലെ അംഗൻവാടി വർക്കർമാരെ എയ്ഡ്സ് പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനായി രണ്ടുമാസം നീണ്ടു നിൽക്കുന്ന ബോധവത്ക്കരണ പരിശീലന പരിപാടികൾക്ക് തുടക്കമായി.

സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നിർദ്ദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റ് , ജില്ലാ വനിതാ ശിശുവികസന ഓഫീസ് എന്നിവ സംയുക്തമായാണ് പരിശീലനം നൽകുന്നത്. ഫെബ്രുവരി 18 വരെ നീളുന്ന പരിപാടിയിൽ അമ്പതുപേർ വീതമുള്ള ബാച്ചുകളായാണ് പരിശീലനം. എയ്ഡ്സ് അടിസ്ഥാന വിവരങ്ങൾ, ടി.ബി, രോഗപകർച്ച , പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളിൽ അംഗൻവാടി വർക്കർമാർക്കുള്ള പങ്ക് തുടങ്ങിയവ വിഷയങ്ങളിലാണ് പരിശീലനം. മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ഉമ്മർ ഫാറൂഖ് അദ്ധ്യക്ഷനായി. ജില്ലാ ടി.ബി, എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ . പി.പി.പ്രമോദ് കുമാർ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ യു.അബ്ദുൽ ബാരി, ബേബി നാപ്പള്ളി, ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റ് ജില്ലാ അസിസ്റ്റന്റ് എൻ.ടി.പ്രിയേഷ്, ജില്ലാ ടി.ബി ഫോറം പ്രസിഡന്റ് ശശികുമാർ ചേളന്നൂർ എന്നിവർ സംസാരിച്ചു.