കൽപ്പറ്റ: മാലിന്യ സംസ്‌കരണത്തിന് സിവിൽ സ്റ്റേഷനിൽ പുതിയ സംവിധാനമായി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും കൽപ്പറ്റ മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകളിലെയും മാലിന്യം തരംതിരിച്ച് കൈമാറുന്നതിന് തീരുമാനമായി. എല്ലാ ഓഫീസുകളിലും ജൈവമാലിന്യം, പ്ലാസ്റ്റിക് മാലിന്യം, പേപ്പർ മാലിന്യം എന്നിവ നിക്ഷേപിക്കുന്നതിനായി മൂന്നു ബിന്നുകൾ സ്ഥാപിക്കും.
ജൈവമാലിന്യം, അജൈവ മാലിന്യം എന്നിങ്ങനെ പ്രത്യേകം തരംതിരിച്ച് സിവിൽ സ്റ്റേഷനിൽ തയ്യാറാക്കിയ മിനി എം.സി.എഫിൽ നിക്ഷേപിക്കും. ജൈവ, പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങൾ മൂന്നായി തരംതിരിച്ച് സൂക്ഷിക്കുന്ന രീതിയിലാണ് മിനി എം.സി.എഫ് സ്ഥാപിച്ചിരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യം ഹരിത കർമ്മ സേന കൃത്യമായ ഇടവേളകളിൽ കൊണ്ടുപോകും. ഇതിനായി മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന യൂസർഫീ സിവിൽ സ്റ്റേഷനിൽ നിന്നു നൽകും.
കളക്‌ട്രേറ്റിൽ നടന്ന സിവിൽ സ്റ്റേഷൻ എസ്റ്റേറ്റ് കമ്മിറ്റി യോഗത്തിൽ എ.ഡി.എം എൻ.ഐ.ഷാജു അദ്ധ്യക്ഷനായി. ഹുസൂർ ശിരസ്തദാർ കെ.മനോജ് കുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.സുരേഷ് ബാബു, ശുചിത്വ മിഷൻ കൺസൾട്ടന്റ് സാജിയോ എന്നിവർ പദ്ധതി വിശദീകരിച്ചു.
(ഫേട്ടോ)
സിവിൽ സ്റ്റേഷനിൽ മാലിന്യ സംസ്‌കരണത്തിനായി സ്ഥാപിച്ച മിനി എം.സി.എഫ് എ.ഡി.എം എൻ.ഐ ഷാജുവിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു