 
കുറ്റ്യാടി : കുറ്റ്യാടി ടൗണിൽ അടിക്കടി ഉണ്ടാവുന്ന വൈദ്യുതി തകരാർ പരിഹരിക്കണമെന്ന ആവശ്യം ഉയരുകയാണ്. സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ ആശുപത്രികൾ, വ്യാപാര വ്യവസായ യൂണിറ്റുകൾ ഉൾപ്പെടെ നൂറുകണക്കിന് ചെറുതും വലുതുമായ സ്ഥാപനങ്ങളാണ് കുറ്റ്യാടി ടൗണിൽ സ്ഥിതി ചെയ്യുന്നത്. നിരന്തരമായി വൈദ്യുതി വിച്ഛേദിക്കപെടുമ്പോൾ ആയിരകണക്കിന് രൂപയുടെ നഷ്ട്ടങ്ങളാണ് ഉണ്ടാവുന്നത്. കുറ്റ്യാടി ടൗണിന് സുഗമമായ പദ്ധതിക്ക് ഇലക്ട്രിസിറ്റി ബോർഡ് അനുമതി നൽകിയിരുന്നു. എന്നാൽ പ്രവൃത്തി നീണ്ടു പോകുകയാണ്. ഇപ്പോൾ ടൗണിന് വൈദ്യുതി ലഭിക്കുന്നത് കുന്നുമ്മൽ ഫീഡറിൽ നിന്നാണ്. പതിനാല് കിലോമീറ്റർ ചുറ്റളവിലാണ് കുന്നുമ്മൽ നിന്നും വൈദ്യുതി വിതരണം നടത്തുന്നത്. ലൈനിൽ എവിടേയെങ്കിലും പ്രശ്നമുണ്ടായാൽ കുറ്റ്യാടി ടൗണിലെ വിതരണത്തേയും ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് ടൗണിന് മാത്രമായി ബൃഹത്തായ പദ്ധതിയായ ടൗൺ ഫീഡർ സ്ഥാപിക്കുവാൻ തീരുമാനിച്ചത്.