riyas
കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ലി​ന്റെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​കാ​ഘോ​ഷം​ ​ടൂ​റി​സം​ മ​ന്ത്രി​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

കോഴിക്കോട്: നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് വട്ടക്കിണറിലും ചെറുവണ്ണൂരിലും മേല്പാലം നിർമ്മിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷൻ ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷത്തിന്റെയും സ്‌മാർട്ട് പാർക്കിംഗ് പദ്ധതിയുടെയും ഉദ്ഘാടനം ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഭരണസമിതി ഭരണമേറ്റെടുത്തശേഷം കോഴിക്കോട് നഗരത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാൻ കഴിഞ്ഞുവെന്നതും നേട്ടത്തിന് കാരണമായി. സംസ്ഥാന സർക്കാരിന്റെ സഹായവും പരമാവധി ഉറപ്പാക്കുന്നുണ്ട്.

നഗരവാസികളുടെ എന്തു ആവശ്യമായാലും ഇടനിലക്കാരുടെ സഹായം തേടേണ്ടതില്ല. തെറ്റായ പ്രവണത ആരെങ്കിലും തുടരുന്നുണ്ടെങ്കിൽ കർശന നടപടി വേണം. എൻ.എച്ച് ബൈപാസ് ആറു വരിപ്പാത വികസനം വേഗത്തിലാക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. ജലഗതാഗത പാതയും ഈ സർക്കാരിന്റെ കാലത്തു തന്നെ പൂർത്തിയാക്കും. പൊതുമരാമത്ത് വകുപ്പിനെ ഭാവിയിൽ കടലാസ്‌രഹിത വകുപ്പായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായാരുന്നു. പൗരാവകാശ രേഖാസമർപ്പണം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.

മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷയായിരുന്നു. അടുത്ത നൂറു ദിവസത്തിനകം നടപ്പാക്കുന്ന പദ്ധതികൾ അവർ പ്രഖ്യാപിച്ചു. ഒ.പി.ഷീജ, പി.ദിവാകരൻ, ഡോ.എസ്.ജയശ്രീ, പി.സി.രാജൻ, കെ.കൃഷ്ണകുമാരി, പി.കെ.നാസർ, ശ്രീരേഖ, ഒ.സദാശിവൻ, നവ്യ ഹരിദാസ് തുടങ്ങിയവർ സംബന്ധിച്ചു.

ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് സ്വാഗതം പറഞ്ഞു.