img20220101

മുക്കം: യു.ഡി.എഫ് ഭരിക്കുന്ന കാരശ്ശേരി പഞ്ചായത്തിന്റെ അഴിമതിയിലും സ്വജന പക്ഷപാതത്തിലും വികസന മുരടിപ്പിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. ഒരു വർഷം പൂർത്തിയാക്കിയ യു.ഡി.എഫ് ഭരണ സമിതി സമ്പൂർണ വികസന തകർച്ചയാണ് നേരിടുന്നതെന്നും പദ്ധതികളൊന്നും നടക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. വീടുകളുടെ റിപ്പയറിന് അപേക്ഷ സ്വീകരിച്ച് ഗ്രാമസഭ അംഗീകരിച്ച ശേഷം ഏകപക്ഷീയമായി പദ്ധതി ഒഴിവാക്കി, കൃഷിക്കാർക്ക് വർഷങ്ങളായി നൽകിക്കൊണ്ടിരിക്കുന്ന വളവും തുരിശും നൽകുന്നില്ല, താത്ക്കാലികജീവനക്കാരെ നിയമിച്ച് കൈക്കൂലി വാങ്ങുന്നവരായി അധപതിച്ചു തുടങ്ങിയ കുറ്റപെടുത്തലുകളും സമരക്കാർ നടത്തി. സി.പി.എം ജില്ലകമ്മറ്റി അംഗം ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ കാരശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കോഴിക്കോട് ജില്ല കൺവീനർ മുക്കം മുഹമ്മദ്, എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് വി.കുഞ്ഞാലി, സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി സെക്രട്ടറി വി.കെ വിനോദ്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.ജമീല, എ.പി.മോയിൻ, കെ.പി. ഷാജി, കെ.ശിവദാസൻ, മാന്ത്ര വിനോദ്, കെ.പി.വിനു എന്നിവർ സംസാരിച്ചു. ഇ.പി അജിത്ത്, കെ.കെ നൗഷാദ്, എം.ആർ. സുകുമാരൻ ,ഷിജി സിബി, ശ്രുതി കമ്പളത്ത്, ജിജിതസുരേഷ് എന്നിവർ നേതൃത്വം നൽകി.