കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ ഭ്രാന്തൻ നായുടെ വിളയാട്ടം. ടൗണിലെ വിവിധ ഭാഗങ്ങളിലായി ഇതര സംസ്ഥാന തൊഴിലാളികളടക്കം 6 പേർക്ക് കടിയേറ്റു. ഗോലാക്ക് (22), മുഹമ്മദ് (26), മോഹനൻ (50), നാണു (65), അമൽരാജ് (23), സുധാകരൻ (60) എന്നിവർക്കാണ് കടിയേറ്റത്. സാരമായി പരുക്കേറ്റ ആറുപേരെയും കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി പ്രതിരോധ കുത്തിവയ്പ്പിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി തൊട്ടിൽ പാലം പെട്രോൾ പമ്പിന് സമീപം, മരതോങ്കര റോഡ്, കുളങ്ങരതാഴ ഭാഗങ്ങളിൽ നിന്നാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ആഴ്ച നാല് പേരെ നായ കടിച്ചിരുന്നു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല.