മുക്കം: സ്വത്തും പണവും ബന്ധു തട്ടിയെടുത്തെന്ന ആരോപണവുമായി വിധവയായ വൃദ്ധ രംഗത്ത്. കച്ചേരി പാലക്കോട്ട് ചെമ്പ്ര ശാരദ (90)യാണ് മക്കളില്ലാത്ത തന്നെ സഹോദരിയുടെ മകളുടെ മകൻ വഞ്ചിച്ചതായി വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ഭർത്താവ് മരിച്ചശേഷം തനിച്ചു താമസിക്കുന്ന തനിക്ക് ആജീവനാന്ത സംരക്ഷണം വാഗ്ദാനം ചെയ്താണ് ജ്യേഷ്ഠത്തിയുടെ മകൾ സുലോചനയുടെ മകൻ സുമേഷ് തന്റെ 20 സെന്റ് സ്ഥലം 26.5 ലക്ഷം രൂപയ്ക്ക് വിറ്റ് പണം കൈക്കലാക്കിയത്. ഈ പണം ബാങ്കിൽ നിക്ഷേപിക്കുമെന്ന് പറഞ്ഞെങ്കിലും ചെയ്തില്ല. വീട് ഉൾപ്പെടെ ബാക്കിയുള്ള സ്ഥലത്തിന്റെ ആധാരവും ആധാർ കാർഡ് അടക്കമുള്ള രേഖകളും കൊണ്ടുപോവുകയും ചെയ്തു. സംരക്ഷണത്തിന് ആളില്ലാതെ ഭക്ഷണത്തിനു പോലും വകയില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിൽ ജില്ലാ കളക്ടർ, ഡി.എൽ.എസ്.എ ജഡ്ജ് ,സാമൂഹ്യ ക്ഷേമ വകുപ്പ് എന്നിവർക്ക് പരാതി നൽകി നീതി കാത്തിരിക്കുകയാണെന്നും ഇവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബന്ധുക്കളായ സുനന്ദാ ദേവി, സുധീർ, പൊതുപ്രവർത്തകയും ജനാധിപത്യ മഹിള അസോസിയേഷൻ ഭാരവാഹിയുമായ പി.ലസിത എന്നിവരും പങ്കെടുത്തു.