
കോഴിക്കോട്: ഓക്സിജൻ ക്ഷാമത്തിന് പരിഹാരമായി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ പ്ലാന്റ് സജ്ജമായി. സിലിണ്ടർ ഫില്ലിംഗ് പ്ലാന്റിന്റെ ആദ്യഘട്ട പ്രവൃത്തികളും പൂർത്തിയായതായി ജില്ലാ വികസനസമിതി യോഗത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. കനോലി കനാലിന്റെ പാർശ്വഭിത്തികൾ ശക്തിപ്പെടുത്തുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കനാലിന്റെ വീതി കൂട്ടൽ സാദ്ധ്യതാ പഠനത്തിനായി ഏജൻസിയെ ചുമതലപ്പെടുത്തി.
ബീച്ച് ആശുപത്രി മാസ്റ്റർപ്ലാനിനുള്ള അംഗീകാരം കിഫ്ബിയുടെ സന്ദർശനത്തിനുശേഷമേ കിട്ടുകയുള്ളൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ അമ്മത്തൊട്ടിൽ നിർമ്മിക്കുന്നതിന് സാങ്കേതിക അനുമതിയായി. മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് ലെവലിംഗ് പ്രവൃത്തി നടന്നുവരികയാണ്. ബാലുശ്ശേരി മിനി സിവിൽസ്റ്റേഷൻ പരിസരത്തെ മരങ്ങൾ മുറിച്ചു നമ്പറിട്ട് മാറ്റിയിടാൻ പൊതുമരാമത്ത് കരാറുകാരോട് യോഗത്തിൽ ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
സൗത്ത് ബീച്ച് പരിസരത്ത് അനധികൃതമായി പാർക്കു ചെയ്യുന്ന ചരക്കു ലോറികളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ പോർട്ട് ഓഫീസറെ ചുമതലപ്പെടുത്തി. കോട്ടൂരിലെ കൂത്തുപാറ പൊട്ടിച്ചു മാറ്റുന്നതിന് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർക്ക് നിർദ്ദശം നൽകി. ഹൈലൈറ്റ് മാളിനു മുന്നിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സിറ്റി പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തി.
അമ്പലക്കുന്ന് ആദിവാസി കോളനിയിലെ 422 കുടുംബങ്ങൾക്ക് പട്ടയം നൽകുന്ന നടപടി വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി.
പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി
പൂർത്തിയാക്കാൻ നിർദ്ദേശം
പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വികസന സമിതി യോഗത്തിൽ നിർദ്ദേശം .ബാലുശ്ശേരി കൂരാച്ചുണ്ട് റോഡിന്റെ പൂർത്തിയായ ഭാഗത്തെ ഗുണ മേൻമ പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് കെ.എം.സച്ചിൻദേവ് എം.എൽ.എ ആവശ്യപ്പെട്ടു. കായണ്ണ കൈതപ്പൊയിൽ റോഡ് പ്രവൃത്തി, ബാലുശ്ശേരി റോഡ് പ്രവൃത്തി എന്നിവ പുരോഗമിക്കുകയാണ്. ഒരു മാസത്തിനകം ടെൻഡർ നടപടികൾ പൂർത്തിയാക്കി ബാലുശ്ശേരി റോഡ് പ്രവൃത്തി തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
വടകര പെരുവട്ടംതാഴ, കൈനാട്ടി ട്രാഫിക് സിഗ്‌നൽ തകരാറിന് ശാശ്വത പരിഹാരം കാണണമെന്ന് കെ.കെ.രമ എം.എൽ.എ ആവശ്യപ്പെട്ടു.
പുതിയറ കൃഷി ഓഫീസിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കൽ പുരോഗമിക്കുകയാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു. ഫയലുകൾ തീർപ്പാക്കുന്നതിന് ആവശ്യമായ ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ അനുവദിക്കാൻ മേയറോട് ആവശ്യപ്പെടുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു. ചെലവൂർ വില്ലേജ് ഓഫീസ് നിർമ്മാണം പുരോഗമിക്കുകയാണ്. ഭൂമി ലഭ്യതാ സാക്ഷ്യപത്രം ലഭിച്ചാൽ തൊണ്ടിലക്കടവ് പാലം പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാനാകും.
വടകരയിൽ കടൽഭിത്തി നിർമ്മാണത്തിന്റെ ഭാഗമായി 52 ലക്ഷം രൂപയുടെ രണ്ട് പ്രവൃത്തികൾ പൂർത്തിയായി. വടകര ജില്ലാ ആശുപത്രിയുടെ വൈദ്യുതീകരണ പ്രവൃത്തികൾ ആരംഭിച്ചു. കൂളിമാട് റോഡ് പ്രവൃത്തിക്ക് 38.179 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അംഗീകാരം ലഭിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി യോഗത്തിൽ അദ്ധ്യക്ഷനായി. പി.ടി.എ റഹീം എം.എൽ.എ, എ.ഡി.എം സി.മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ.മായ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.