terminal

കോഴിക്കോട്: കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയത്തിന്റെ ബലക്ഷയം തീർക്കാൻ ഉന്നതതലത്തിൽ തീരുമാനിച്ചതാണ്. എന്നാൽ, ഈ തീരുമാനം തന്നെ ഇപ്പോൾ ബലപരീക്ഷണത്തിൽ കുരുങ്ങിയ മട്ടിലായി. ഇനി ഇതിനു എപ്പോഴാവും നേരവും കാലവുമെത്തുകയെന്നറിയാതെ കുഴങ്ങുന്നത് യാത്രക്കാരും ജീവനക്കാരും.

ടെർമിനലിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിട്ട് മാസങ്ങളായി. പ്രശ്നം ഉടൻ പരിഹരിച്ചിരിക്കണമെന്ന് ചെന്നൈ ഐ.​ഐ.​ടി വിദഗദ്ധസംഘം നിർദ്ദേശിച്ചിട്ടും തുടർനടപടികൾ ഇതുവരെ കരയ്ക്കെത്തിയില്ല. ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ പരിശോധന ഇഴയുകയാണ്. വിജിലൻസ് പരിശോധനയും പാതിവഴിയിൽ തന്നെ.

പതിനാലുനി​ല വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന്​ പ്രകടമായ ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന ഐ.​ഐ.​ടി​ സംഘത്തിന്റെ പ​ഠ​ന റി​പ്പോ​ർ​ട്ട്​ പുറത്തുവന്നത് ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ലാ​ണ്.​ സ്ലാബുകൾക്ക് പുറമെ ആവശ്യത്തിന് കമ്പി ഉപയോഗിക്കാത്തതിനാൽ തൂണുകൾക്കും ബലക്ഷയമുണ്ടെന്ന് സംഘം കണ്ടെത്തി. അടിയന്തരമായി ബസ് സർവിസുകൾ ടെർമിനലിൽ നിന്നു മാറ്റാനും കിയോസ്കുകൾ ഒഴിപ്പിക്കാനും തുടർന്ന് തീരുമാനം വന്നു. പക്ഷേ, അതൊക്കെ കടലാസിലൊതുങ്ങി.

ചെന്നൈ സംഘത്തിന്റെ റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്ന കെ.എസ്.ആർ.ടി.സി യിലെ ചില തൊഴിലാളി സംഘടനകളുടെ ആക്ഷേപത്തെ തുടർന്ന് റിപ്പോർട്ട് പരിശോധിക്കാൻ ഗതാഗത വകുപ്പ് അഞ്ചംഗ വിദഗ്ദ്ധസമിതിയെ നിയോഗിക്കുകയായിരുന്നു. ധ​ന​കാ​ര്യ വ​കു​പ്പി​ലെ ചീ​ഫ്​ ടെ​ക്​​നി​ക്ക​ൽ എ​ക്​​സാ​മി​ന​ർ എ​സ്.ഹ​രി​കു​മാ​ർ, കോ​ഴി​ക്കോ​ട്​ എ​ൻ.​ഐ.​ടി സ്​​ട്ര​ക്​​ച​റ​ൽ എ​ൻ​ജി​നിയ​റിംഗ് വി​ഭാ​ഗം സീ​നി​യ​ർ പ്രൊഫ​സ​ർ ഡോ.ടി.​എം.മാ​ധ​വ​ൻ പി​ള്ള എന്നിവരടങ്ങിയതാണ് സ​മി​തി. ഒ​ക്​​ടോ​ബ​ർ അ​വ​സാ​ന​വാ​രം നിയോഗിക്കപ്പെട്ട സമിതിയോട് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശമെങ്കിലും ഇതു വരെ അന്തിമറിപ്പോർട്ടായില്ല.

ക​ഴി​ഞ്ഞ മാ​സം ഈ സമിതി ത​യ്യാ​റാ​ക്കി​യ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട്​ ഐ.​ഐ.​ടി വിദഗദ്ധസംഘം ത​ള്ളിയതാണ്. സമുച്ചയത്തിന് പ്ര​ശ്ന​ങ്ങ​ളില്ലെന്നും കെ​ട്ടി​ട​ത്തി​ന്​ വ​ഹി​ക്കാ​വു​ന്ന ലോ​ഡ്, വി​ൻ​ഡ്​ ഇ​ഫ​ക്ട്, എ​ർ​ത്ത്​​ ക്വേക്ക്​ റ​സി​സ്റ്റ​ൻസ് തു​ട​ങ്ങി​യ​വ ക​ണ​ക്കാ​ക്കി​യ​തി​ൽ മാ​റ്റം വ​രു​ത്തി​യാ​ൽ മ​തി​യെ​ന്നു​ള്ള ഒ​ഴു​ക്ക​ൻ റി​പ്പോ​ർ​ട്ടാ​യിരുന്നു അത്. ശാ​സ്​​ത്രീ​യ​മാ​യി പ​രി​ശോ​ധി​ച്ച്​ ത​യ്യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടിനുള്ള ഇത്തരം അനുബന്ധം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഐ.​ഐ.​ടി സംഘം.

അതേസമയം, വിദഗ്ദ്ധ സമിതിയുടെ സ​മ്പൂ​ർ​ണ റി​​പ്പോ​ർ​ട്ടായാൽ മാത്രമേ തുടർനടപടികളുമായി മുന്നോട്ടുപോകാനാവൂ എന്ന കാഴ്ചപ്പാടാണ് സർക്കാരിന്റേത്. നി​ർ​മ്മാ​ണ​ത്തി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച്​ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം മുടന്തുന്നതും ഇക്കാരണം കൊണ്ടുതന്നെ.

 പുതിയ സമിതിയുമായി

കോൺഗ്രസ്

കെ.എസ്.ആർ.ടി.സി കെട്ടിട ടെർമിനലിന്റെ കാര്യങ്ങൾ വിശദമായി പഠിക്കാനായി ജില്ലാ കോൺഗ്രസ് കമ്മിറ്റി അതിനിടെ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ആർക്കിടെക്ട് എൻ.എം.സലീം, റിട്ട.സെയിൽസ് ടാക്സ് കമ്മിഷണർ അഡ്വ.ഇ.മൊയ്തീൻകോയ എന്നിവരാണ് അംഗങ്ങൾ. കാര്യങ്ങൾ വിശദമായി പഠിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുമാണ് കോൺഗ്രസ്. 5 ന് ടെർമിനൽ വളഞ്ഞായിരിക്കും സമരം.