പേരാമ്പ്ര: പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് താനിക്കണ്ടി പുഴയെ. ചുട്ട് പൊള്ളുന്ന ഗാർഹിക ചുറ്റുപാടുകളിൽ നിന്നൊരു മോചനവുമാണ് കൂത്താളി ഗ്രാമപഞ്ചായത്ത് മേഖലയിലെ ഈ പുഴയോരം. പേരാമ്പ്ര ടൗണിൽ നിന്ന് നാല് കിലോമീറ്റർ അകലെ ചക്കിട്ടപാറ റോഡിലെ താനിക്കണ്ടികടവിൽ ഒഴിവ്ദിനങ്ങളിൽ വിശ്രമിക്കാനും കാഴ്ച ആസ്വദിക്കാനും നീന്തൽ പഠിക്കാനും നിരവധിപേരാണ് എത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ചെക്ക്ഡാം പരിസരം പിന്നീട് പുതിയ പാലം നിർമ്മിച്ചപ്പോൾ നാട്ടുകാർക്ക് നീന്തൽ പരിശീലിക്കാനും കുളിക്കാനുമുള്ള കടവായി മാറുകയായിരുന്നു.
ടൂറിസത്തിന്റെ വാതിൽ തുറന്ന്
ടൂറിസത്തിന്റെ അനന്തസാധ്യതകൾ തുറക്കുന്നഇവിടം വേണ്ട സൗകര്യങ്ങൾ ഒന്നുമില്ല. പുഴയോരത്ത് 150 മീറ്ററോളം നീളത്തിലും 10മീറ്ററോളം വീതിയിലും പി.ഡബ്ല്യു.ഡി ചെക്ക് ഡാം അപ്രോച്ച് റോഡ് തകർന്ന് കാട്പിടിച്ച് കിടക്കുകയാണ്. ടൂറിസം വകുപ്പ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയാൽ ഇവിടം വലിയ സാദ്ധ്യതകൾക്ക് വഴിയൊരുക്കും. നീന്തൽ പരിശീലന കേന്ദ്രമാക്കിയാൽ മികച്ച നീന്തൽ പരിശീലനം ഇവിടെനിന്നും ലഭിക്കുമെന്നതിൽ സംശയമില്ല. വഴി മനസിനെ ശാന്തമാക്കുന്ന ഈ അന്തരീക്ഷത്തിലേയ്ക്ക് നിരവധി സഞ്ചാരികളെത്തും. തട്ടുകടകളും മറ്റുമനുവദിച്ചാൽ തൊഴിലവസരങ്ങളുമാവും. റഗുലേറ്റർ കം ബ്രിഡ്ജ്
സൗകര്യം കൂടെയായാൽ പുഴ ജലനിബിഡവും മാലിന്യ മുക്തവുമാക്കാം. കുടിവെള്ളക്ഷാമമനുഭവിക്കുന്ന സമീപവാസികൾക്കും അനുഗ്രഹമാവും. കാട്കയറിയ സർക്കാർഭൂമി ഉപയോഗയോഗ്യമാക്കിയാൽ പുതുതലമുറയുടെ മാനസികശരീരിക ആരോഗ്യ സംരക്ഷണത്തിന് വിനിയോഗിക്കാനുമാവും.
റഷീദ് നിടൂളി (പൊതുപ്രവർത്തകൻ)
ഉപയോഗശൂന്യമായ പി.ഡബ്ല്യു.ഡി അപ്രോച്ച് റോഡ് വക സ്ഥലം ഉപയോഗപ്പെടുത്തി പേരാമ്പ്ര ടൗണിന് പോലും ആശ്രയിക്കാവുന്ന തരത്തിൽ താനിക്കണ്ടി കടവിൽ ആരോഗ്യ ടൂറിസം ഒരുക്കാം. യോഗ പ്ളാറ്റ്ഫോം പോലുള്ളവയുൾപ്പെടുത്തി വികസിപ്പിക്കാം. കടവ് ആരോഗ്യ ടൂറിസം പദ്ധതി നടപ്പിലാക്കിയാൽ മേഖലയുടെ ആരോഗ്യ മാനസിക സംരക്ഷണരംഗത്ത് മുതൽക്കൂട്ടാവും.