കൽപ്പറ്റ: കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി, വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ കായിക സംഘടനകളുടെ സഹായത്തോടെ നടത്തുന്ന പ്രഥമ ജില്ലാ ഒളിമ്പിക് ഗെയിംസ് 7ന് തുടങ്ങും. 24 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ. 7 ന് രാവിലെ 9.30 ന് ജില്ലാ ഒളിമ്പിക് ഗെയിംസിന് തുടക്കം കുറിച്ചുകൊണ്ട് മാനന്തവാടി പഴശ്ശി കുടീരത്തിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം, ദ്വാരക, കെല്ലൂർ, പനമരം, കണിയാമ്പറ്റ, ബത്തേരി, മീനങ്ങാടി, മുട്ടിൽ പഞ്ചായത്തുകളിലെ സ്വീകരണങ്ങൾക്കു ശേഷം വാദ്യമേളങ്ങളുടെയും, സൈക്കിൾ റാലിയുടെയും അകമ്പടിയോടെ കൽപ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കിയ വേദിയിൽ സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എ.ഗീത ഐ.എ.എസ്. ദീപശിഖ ഏറ്റുവാങ്ങും.

12 ന് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ നടക്കും. മറ്റു ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് കായിക മത്സരങ്ങൾ നടത്തും. ജനുവരി 20 ന് അമ്പലവയൽ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഫുട്‌ബോൾ മത്സരങ്ങളോടെ ജില്ലാതല മത്സരങ്ങൾ സമാപിക്കും. ജില്ലയിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർ ഫെബ്രുവരി 13 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കും.