chc

വടകര: ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ നടപടി തുടങ്ങി. കാലപഴക്കത്താൽ തിളക്കം മങ്ങിയ

ആശുപത്രിയുടെ വികസനം ലക്ഷ്യമിട്ട് നബാർഡ് ഫണ്ട് അഞ്ചരകോടി രൂപ അനുവദിച്ചതിനൊപ്പം ഒന്നേമുക്കാൽ കോടി രൂപ ഐസൊലേഷൻ വാർഡ് നിർമ്മിക്കാനായി കെ.കെ രമ എം.എൽ.എയുടെ ഫണ്ടും അനുവദിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ പരിശോധനാ മുറി, ലാബ്, ഫാർമസി, ആധുനിക സംവിധാനത്തിൽ കൂടിയുള്ള എക്സ്റേ, മൈനർ ഓപ്പറേഷൻ തിയറ്റർ, അത്യാഹിത വിഭാഗം, നിരീക്ഷണമുറി, ഡെന്റൽ ക്ലിനിക്ക് എന്നിവയ്ക്കും ഹെൽത്ത് ഇൻസ്പെക്ടർ, ഫീൽഡ് സ്റ്റാഫ് തുടങ്ങിയവർക്കുള്ള മുറികൾ എന്നിവയ്ക്കാവശ്യമായ ഇരുനില കെട്ടിടമാണ് പണിയുന്നത്.

വടകര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് ഓർക്കാട്ടേരി സി.എച്ച്. സിയിൽ 2015 വരെ സ്ത്രീകൾക്കും പുരഷന്മാർക്കുമായി ഇരുപതിലേറെ കിടക്കകളുമായി രണ്ടു വാർഡുകളിലായി ആതുരസേവനം സജീവമായിരുന്നു.

ചോറോട്, ഒഞ്ചിയം, അഴിയൂർ, ഏറാമല പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് സി.എച്ച്.സി പ്രവർത്തന പരിധി. എന്നാൽ ഇവിടങ്ങളിലുള്ളവർ മാത്രമല്ല മറ്റു പ്രദേശങ്ങളിലുള്ളവർ വരെ ഇവിടെ ചികിത്സക്കായെത്തിയിരുന്നു. കുടുംബാസൂത്രണ ശസ്ത്രക്രിയ സംബന്ധമായ പ്രവർത്തനങ്ങളിൽ താലൂക്കിലെ തന്നെ ഉയർന്ന നിലവാരം പുലർത്തി അംഗീകരിക്കപ്പെട്ട ആതുരാലയമായിരുന്നു. പ്രൈമറി ഹെൽത്ത്സെന്ററായിരുന്ന കാലത്ത്തന്നെ ആരോഗ്യ പരിപാലനത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച ഇവിടെ നിരവധി പ്രസവങ്ങളും പ്രസവാനന്തര ചികിത്സകളും നടന്നതായിരുന്നു. കാലപ്പഴക്കത്താൽ കെട്ടിടങ്ങൾ നശിക്കുകയും ആശുപത്രി പ്രവർത്തനത്തിന് കെട്ടിടങ്ങളിലെ മുറികൾ മാറി മാറി ഉപയോഗിക്കുകയായിരുന്നു.

ഇതോടൊപ്പം കിടത്തി ചികിത്സയും നിലച്ചു. ആശുപത്രി പ്രവർത്തനത്തിന് ചില കെട്ടിടങ്ങൾ പുതുക്കിയിരുന്നെങ്കിലും സ്റ്റാഫ് കോട്ടേഴ്സ് മിക്കതും ഉപയോഗ പ്രദമല്ലാതായി. കോട്ടേഴ്‌സിന്റെ അഭാവം കൊണ്ടു മാത്രം ഇവിടെ ജോലിക്കായെത്തുന്നവർ കുറഞ്ഞ ദിവസം കൊണ്ടു തന്നെ മറ്റിടങ്ങളിലേക്ക് മാറിപ്പോവുകയാണ്. അൻപതോളം ജീവനക്കാർ ഈ ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

 ''കെട്ടിട നിർമ്മാണത്തിന് യഥാസമയം ടെക്കനിക്കൽ അനുമതി ലഭിക്കുകയാണെങ്കിൽ ഒരു വർഷം കൊണ്ടു തന്നെ പ്രവൃത്തി പൂർത്തിയാക്കാം ഡോ:.കെ ഉസ്മാൻ ( മെഡിക്കൽ ഓഫീസർ )

 ആകെ ജീവനക്കാർ 50

 അനുവദിച്ചത് നബാർഡ് ഫണ്ട് 5.50 കോടി

എം.എൽ.എ ഫണ്ട് 1.45 കോടി