കൽപ്പറ്റ: 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷൻ ജില്ലയിൽ ആരംഭിച്ചു. ഓൺലൈൻ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷൻ വഴിയും വാക്സിൻ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു. ഓൺലൈൻ വഴി ബുക്ക് ചെയ്ത് എത്തിയാൽ തിരക്കും രജിസ്‌ട്രേഷന് വേണ്ടിവരുന്ന സമയവും ലാഭിക്കാനാകും. സ്മാർട്ട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ വഴിയോ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. 2007ലോ അതിന് മുമ്പോ ജനിച്ചവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. വാക്സിനേഷനായി കുടുംബാംഗങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം.
ഓൺലൈനിൽ ബുക്ക് ചെയ്യാൻ
1. ആദ്യമായി https://www.cowin.gov.in എന്ന ലിങ്കിൽ പോകുക. ഹോം പേജിന് മുകൾ വശത്തായി കാണുന്ന രജിസ്റ്റർ/സൈൻ ഇൻ യുവർസെൽഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക
2. അപ്പോൾ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകുക. മൊബൈൽ നമ്പർ നൽകി Get OTP ക്ലിക്ക് ചെയ്യുമ്പോൾ നൽകിയ മൊബൈലിൽ ഒടിപി നമ്പർ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പർ നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക
3. ഫോട്ടോ ഐഡി പ്രൂഫ് കോളത്തിൽ ആധാറോ സ്‌കൂൾ ഐഡി കാർഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പെൺകുട്ടിയാണോ ആൺകുട്ടിയാണോ അദേഴ്സ് ആണോ എന്നും ജനിച്ച വർഷവും നൽകുക. ശേഷം രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക.
4. ഇതോടെ ആ ആളുടെ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോർ ഓപ്ഷൻ നൽകി മറ്റ് മൂന്ന് പേരെ കൂടി രജിസ്റ്റർ ചെയ്യാം.
**
വാക്സിനേഷനുള്ള അപ്പോയ്‌മെന്റിനായി രജിസ്റ്റർ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ താമസസ്ഥലത്തെ പിൻകോഡ് നൽകുക. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ജില്ല സെർച്ച് ചെയ്യാവുന്നതാണ്.
ഓരോ തീയതിയിലും വാക്സിൻ കേന്ദ്രങ്ങളുടെ ഒഴിവ് കാണാൻ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നൽകി കൺഫോം ബട്ടൺ ക്ലിക്ക് ചെയ്യാം. അപ്പോൾ കൺഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.
ക്യാപ്
15 മുതൽ 18 വയസുവരെ പ്രായമുളള കുട്ടികൾ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നു.