lockel
ഫറോക്ക് റെയിൽവേ മേല്പാലം അപ്രോച്ച് റോഡ്​ ​നിർമ്മാണസ്ഥലം മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശി​ച്ചപ്പോൾ

ഫറോക്ക്: ഫറോക്ക് റെയിൽവേ മേല്പാലം അപ്രോച്ച് റോഡ് പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. 3.54 കോടി രൂപ ചെലവിലാണ് അപ്രോച്ച് റോഡ് നിർമ്മിക്കുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷനാണ് പ്രവൃത്തിയുടെ ചുമതല.

ഈ ഭാഗത്തെ മരങ്ങളും കെട്ടിടങ്ങളും നീക്കം ചെയ്യുന്ന പണി തുടങ്ങിക്കഴിഞ്ഞു. റെയിൽവേ മേല്പാലം നിർമ്മാണം നേരത്തെ പൂർത്തിയാക്കിയതാണ്. റെയിൽ പാതയുടെ കിഴക്ക് ഭാഗത്ത് 625 മീറ്ററും പടിഞ്ഞാറ് ഭാഗത്ത് 200 മീറ്ററിലുമാണ് അപ്രോച്ച് റോഡ് നിർമ്മിക്കുന്നത്. ഇതിനായി 38 പേരുടെ ഭൂമിയാണ് ഏറ്റെടുത്തിരുന്നു. ഫറോക്ക് നഗരസഭയുടെ പകുതിയോളം പ്രദേശങ്ങൾ ഉൾപ്പെടുന്ന കരുവൻതുരുത്തിയെ ഫറോക്ക് നഗരവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനൊപ്പം കോഴിക്കോട് -

തിരൂർ - പൊന്നാനി - കൊച്ചി തീരദേശ റോഡിലേക്ക് കടക്കാനും മേല്പാലം ഉതകും.

പ്രളയകാലത്ത് സഞ്ചാരമാർഗമില്ലാതെ ഒറ്റപ്പെട്ടുപോയിരുന്നു കരുവൻതുരുത്തി മേഖലയിലെ ജനങ്ങൾ. ആർ.ഒ.ബി തുറക്കുന്നതോടെ ഈ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമാകും.

ഫറോക്ക് ഐ.ഒ.സി റോഡ് വഴി കരുവൻതിരുത്തി - ചാലിയം തീരദേശ റോഡിൽ ചെന്നെത്തുന്ന തുടർറോഡിന്റെ സ്ഥലമെടുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു.