photo
കരുമല ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ രാജീവൻ മുച്ചിലോട്ട് കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നു

ബാലുശ്ശേരി: സൗദിയിൽ നിന്ന് നാട്ടിലെത്തിയാൽ രാജീവൻ മുച്ചിലോട്ട് പ്രവാസ ജീവിതം മറക്കും. അവധിക്കാലം പിന്നെ നാടിന്റെ നന്മയ്ക്കൊപ്പമാണ്. നാട്ടുകാരായ സുഹൃത്തുക്കളുടെ ക്ഷേമത്തിനായി വിശ്രമമില്ലാത്ത ഓട്ടം. ഇത്തവണ അവധി കഴിഞ്ഞുള്ള പറക്കൽ കുട്ടി കൂട്ടുകാരെയുൾപ്പെടെ നീന്തൽക്കാരാക്കിയായിരുന്നു, നീന്താനറിയാത്ത ഒരു തേനാക്കുഴിക്കാരനും ഉണ്ടാവരുതെന്ന വാശിയോടെ. കരുമല ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളം പരിശീലനക്കളരിയുമാക്കി.

ഒരു നീന്തലിൽ തീരുന്നതല്ല രാജീവനും നാടും തമ്മിലുള്ള ബന്ധം. ഒന്നര വയസുകാരൻ മുതൽ 90 വയസുകാർ വരെയുണ്ട് കൂട്ടുകാർ. എല്ലാവരുടെയും രാജീവേട്ടനാണ് ഈ 52 കാരൻ. നാട്ടിലുണ്ടായാൽ എല്ലാവർക്കും എന്തിനും രാജിവേട്ടനെ വേണം.

ഒരു കാര്യം ഏറ്റെടുത്താൽ വിജയം കണ്ടിട്ടേ വിശ്രമിക്കൂ എന്നതുതന്നെ കാര്യം. റോഡില്ലാത്തവർക്ക് റോഡ് ശരിയാക്കിക്കൊടുക്കുക. വീട് പണിയുള്ളവരെ സഹായിക്കുക, നാട്ടിലെ വിവാഹ വീടുകളിലും ഗൃഹപ്രവേശനം നടക്കുന്ന വീടുകളിലും സഹായത്തിനെത്തുക.. അങ്ങനെ അളന്നെടുക്കാനാവില്ല രാജീവന്റെ സ്നേഹം.

കിണറിൽ വീണ പശുക്കുട്ടിയെ സാഹസികമായി രക്ഷിച്ചത് ഏറെ പ്രശംസ നേടിയിരുന്നു.
നാട്ടിൽ മാത്രമല്ല കടലിനക്കരെ അറബിയ്ക്കും പ്രിയപ്പെട്ടവനാണ് രാജീവൻ. മൂന്ന് മാസത്തെ അവധിക്ക് വന്ന് ഒന്നരവർഷം കഴിഞ്ഞ് പോയപ്പോഴും രാജീവന്റെ ജോലി മറ്റാർക്കും നൽകാതെ കരുതിവെച്ചിരുന്നു. മകന്റെ വിവാഹാവശ്യത്തിനാണ് മൂന്ന് മാസത്തെ അവധിക്ക് നാട്ടിലെത്തിയത്. പൊടുന്നനെ പെയ്തിറങ്ങിയ കൊവിഡിൽ തിരിച്ചുപോക്ക് ഒന്നര വർഷത്തോളം നീണ്ടു. എന്നിട്ടും രാജീവനെ ഇരുകൈയും നീട്ടി അറബി സ്വീകരിക്കുകയായിരുന്നു. ഒരു കാലത്ത് ജില്ലയിലെ എണ്ണം പറഞ്ഞ വോളിബാൾ താരംകൂടിയായിരുന്നു ഈ തേനാക്കുഴിക്കാരൻ. അവധി കഴിഞ്ഞുള്ള മടക്കം സുഖമുള്ള അനുഭവമല്ലെങ്കിലും നാട്ടിലെ കുട്ടിക്കൂട്ടുകാരെയെല്ലാം നീന്തൽക്കാരാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു രാജീവൻ. ഇക്കാര്യം പലരോടായി പങ്കുവയ്ക്കുകയും ചെയ്തു.