
ഫറോക്ക്: ചെറുവണ്ണൂർ  ശാരദാമന്ദിരത്ത് ചെരുപ്പ് ഫാക്ടറിയിൽ തീപ്പിടിത്തം. അൻപത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. കൊളത്തറ സ്വദേശി എ.വി സുനിൽ നാഥിന്റെ ഉടമസ്ഥതയിലുള്ള ശാരദാ മന്ദിരത്തെ ഞെളിയൻ പറമ്പിന് സമീപത്തായി പ്രവർത്തിച്ചു വന്ന ഫെറോറ വിനയിൽ ടെക്നോളജീസ് പ്രെെവറ്റ് ലിമിറ്റഡ് എന്ന ചെരുപ്പ് നിർമ്മാണ കമ്പനിയാണ് കത്തി നശിച്ചത്. ഇന്നലെ വൈകീട്ട് 4.30ടെയായിരുന്നു അപകടം. കമ്പനിയിലെ ചെരുപ്പുകളും പാക്കിംഗ് സാമഗ്രികളും ചെരുപ്പ് നിർമ്മാണ മെഷീനുകളും പൂർണ്ണമായും കത്തി നശിച്ചു.ഫാക്ടറി ഇന്നലെ പ്രവർത്തിച്ചിരുന്നില്ല. അതിനാൽ തീ പടരുന്ന സമയം കമ്പനിക്കുള്ളിൽ തൊഴിലാളികളും കുറവായിരുന്നു. അതിനാൽ കമ്പനിക്ക് ഉൾവശത്ത് തീ ആളികത്തിയെങ്കിലും വലിയ ദുരന്തമാണ് ഒഴിവായത്. മീഞ്ചന്തയിൽ നിന്ന് എത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സും പ്രദേശവാസികളും ഒരു മണിക്കൂർ പ്രയത്നിച്ചാണ് തീ കെടുത്തിയത്.