caw

കോഴിക്കോട്: കഴുത്തറക്കുന്ന കാലിത്തീറ്റ വിലയിലും ഉത്പ്പാദന കുറവിലും നട്ടംതിരിയുന്ന ക്ഷീരകർഷകനെ ഇരുട്ടിലാക്കി പശുക്കളിൽ പകർച്ചവ്യാധികൾ പടരുന്നു. തെെലേറിയ, ചുകപ്പുദീനം (ബബീസിയ) തുടങ്ങിയ രോഗങ്ങളാണ് കർഷകന് ഇരുട്ടടിയായത്. കഴി‌ഞ്ഞ ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് നൂറുകണക്കിന് പശുക്കളാണ് തൈലേറിയ ബാധിച്ച് ചത്തത്. ജില്ലയിലെ ഓരോ പഞ്ചായത്തുകളിലും ദിവസവും പത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം ജില്ല മൃഗാശുപത്രിയിൽ 70 തെെലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന സങ്കരയിനം പശുക്കൾക്കിടയിലാണ് രോഗം പടരുന്നത്.

ക്ഷീരവികസന വകുപ്പ് സബ്സിഡി നൽകുന്നതിനാൽ മിൽക്ക്‌ഷെഡ് പദ്ധതിയിലൂടെ ആയിരക്കണക്കിന് പശുക്കളാണ് ഓരോ വർഷവും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്. അഞ്ചുലക്ഷം രൂപയ്ക്ക് പശുവിനെ വാങ്ങിയാൽ രണ്ടരലക്ഷം രൂപ സബ്സിഡി ലഭിക്കുന്നതിനാൽ നിരവധി പേരാണ് പശുക്കളെ വാങ്ങി ഡയറി ഫാം ആരംഭിച്ചത്. എന്നാൽ പശുക്കൾ കൂട്ടത്തോടെ ചാവുന്നത് കർഷകർക്ക് തിരിച്ചടിയാവുകയാണ്. കുളമ്പ് രോഗവും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാവുന്ന വയറിളക്കവും പനിയും പശുക്കൾക്കിടയിൽ വ്യാപകമാകുന്നുണ്ട്.


തൈലേറിയ ബാധിച്ചാൽ

തൈലേറിയ രോഗം ബാധിച്ചാൽ ശക്തമായ പനി മൂലം തീറ്റയെടുക്കില്ല. അയവെട്ടില്ല. കണ്ണിൽനിന്നും മൂക്കിൽ നിന്നും വെള്ളമൊലിക്കും. കൺപോളകളും ചെവിയും വീങ്ങും. കടുത്ത ക്ഷീണം ഉണ്ടാവും. രോഗംബാധിച്ച പശുവിന് പാൽ ഉത്പ്പാദനവും കുറയും. കുഴഞ്ഞുവീണാണ് പശുക്കൾ ചാവുന്നത്. ആരോഗ്യ പരിശോധനകളില്ലാത്ത കന്നുകാലി ഇറക്കുമതി, രോഗാണുക്കളുടെ വർദ്ധന, പശുക്കളുടെ പ്രതിരോധശേഷിക്കുറവ് എന്നിവയാണ് തൈലേറിയ പടരുന്നതിന് പ്രധാന കാരണം. അസുഖം ബാധിച്ച പശുക്കളെ കടിക്കുന്ന ഈച്ചകൾ മറ്റ് പശുക്കളിലേക്ക് രോഗം പടർത്തുന്നതിനാൽ വളരെ വേഗം അസുഖം വ്യാപിക്കും. രോഗം വന്നാൽ 95 ശതമാനം പശുക്കളും ചാവും.

 പ്രതിരോധ മരുന്നില്ല

തെെലേറിയയ്ക്ക് പ്രതിരോധ കുത്തിവയ്പ് ഇല്ലാത്തതാണ് കർഷകരെ പ്രയാസത്തിലാക്കുന്നത്.

മൂന്ന് ഡോസ് മരുന്നാണ് രോഗത്തിന് നൽകുന്നത്. ഒരു ഡോസിന് 1500 രൂപയാണ്. ഡോക്ടറെ വീട്ടിൽ കൊണ്ടുവരുന്നതിനും മറ്റുമുള്ള ചെലവ് വേറെയും. മൂന്നു ഡോസ് മരുന്ന് കുത്തിവയ്ക്കുമ്പോഴേക്കും പതിനായിരത്തോളം രൂപ ചെലവാകും. സർക്കാർ മൃഗാശുപത്രികളിൽ ഇതിനുള്ള മരുന്ന് വളരെ കുറച്ച് ഡോസ് മാത്രമുള്ളതിനാൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വലിയ വില കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്. സർക്കാർ ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം.

 പാൽവില 50 രൂപയാക്കണം

ഉത്പ്പാദനം കുറഞ്ഞതോടെ സൊസൈറ്റി പാൽവില കൂട്ടണമെന്ന് കർഷകർ ആവശ്യപ്പെട്ടു. നേരത്തെ 15 ലിറ്റർ പാലുള്ള പശുവിന് ഇപ്പോൾ 5 ലിറ്റർ പാൽ മാത്രമാണ് ലഭിക്കുന്നത്. പൊതുവിപണിയിൽ പാലിന്റെ അളവുമാത്രം അടിസ്ഥാനപ്പെടുത്തി വില ലഭിക്കുന്നതിനാൽ കൊഴുപ്പ് കുറഞ്ഞ സമയത്തെ പാൽ വീടുകളിലും ചായക്കടകളിലും വിറ്റാണ് കർഷകർ നിലനിന്നുപോകുന്നത്. സൊസൈറ്റിയിൽ ലിറ്റർ പാലിന് ലഭിക്കുന്നത് 35-38 മാത്രമാണ്. ഇത് 50 രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

'' പാൽ ഉത്പ്പാദനം നാൾക്കുനാൾ കുറഞ്ഞുവരികയാണ്. പശുക്കൾക്ക് രോഗം കൂടി വരുന്നതോടെ സാമ്പത്തികമായി വലിയ പ്രയാസത്തിലാണ്. ''- രാധാകൃഷ്ണൻ,​ ക്ഷീര കർഷകൻ, പുല്ളാളൂർ.