img20211231
മുക്കം നഗരസഭ ചെയർമാൻ്റെ നേതൃത്വത്തിലുള്ള സംഘം പുനലൂർ താലൂക്ക് ഗവ.ആശുപത്രി സന്ദർശിക്കുന്നു

മുക്കം: മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ, മരുന്ന്,​ ലബോട്ടറി അങ്ങനെ ഒരു ആശുപത്രിയ്ക്ക് വേണ്ടതെല്ലാമുണ്ട് മുക്കം സി.എച്ച്.സിയിൽ എന്നാൽ ചികിത്സ മാത്രം നാമമാത്രമായി. വേണ്ടത്ര ഡോക്ടർമാരില്ലാത്തതിനാൽ ആശുപത്രിയുടെ താളംതെറ്റുന്നു. മുക്കത്തെ മലയോര ജനതയുടെ ആശ്രയമാണ് ഈ ആശുപത്രി. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവു കാരണം ആശുപത്രിപ്രവർത്തനങ്ങൾ താറുമാറാകുകയാണ്. മുമ്പ് 3 ഡോക്ടർമാർ ഉണ്ടായിരുന്നപ്പോൾ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു. കൂടാതെ പ്രസവവും പ്രസവാനന്തര ശസ്ത്രക്രിയകളും നടത്തിയിരുന്നു. ജില്ലയിൽ മുമ്പിലായിരുന്ന ആശുപത്രി വെറും ഒ.പി ചികിത്സ നൽകുന്ന കേന്ദ്രമായി ചുരുങ്ങുകയായിരുന്നു. സി.എച്ച്.സിയുടെ സമഗ്ര വികസനം ഉടൻ എന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. 2011 ജൂലായിൽ അന്നത്തെ എം.എൽ.എ മുക്കം സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേയ്ക്ക് ഉയർത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും കടലാസിൽ ഒതുങ്ങി. അവിടന്നിങ്ങോട്ട് പലപ്പോഴും പല വാഗ്ദാനങ്ങളും കേട്ടു. മികച്ച ഏതെങ്കിലും ആശുപത്രിയെ അനുകരിച്ചുള്ള വികസനം സാദ്ധ്യമാക്കുമെന്നാണ്. അതിനായി മുക്കം നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ഒരു സംഘം പുനലൂർ താലൂക്ക് ഗവ.ആശുപത്രി സന്ദർശിച്ചു. വിശദമായ പഠനവും നടത്തി നഗരസഭാ ചെയർമാൻ പി. ടി. ബാബു, സെക്രട്ടറി എൻ.കെ.ഹരീഷ് എന്നിവർക്കൊപ്പം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.റുബീന,മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്അബ്ദുൽ മജീദ്, കൗൺസിലർമാരായ വേണു കല്ലുരുട്ടി, എം.ടി.വേണുഗോപാലൻ,എം.കെ. യാസർ, എ.അബ്ദുൽഗഫൂർ,ബിന്നി മനോജ്,അശ്വതി സനൂജ്, പി.ജോഷില, മുക്കം സി.എച്ച്. സി. മെഡിക്കൽ ഓഫീസർ ഡോ.എം.മോഹനൻ എന്നിവരുമുണ്ടായിരുന്നു.

പേരിനൊരു ആശുപത്രി

9 മണിക്കാരംഭിക്കുന്ന ഒ.പി.യിൽ രണ്ടു മണിക്കു ശേഷം 6 മണി വരെ ഒരു ഡോക്ടറും അതിനു ശേഷം ഡോക്ടർമാർ ആമില്ലാത്ത അവസ്ഥയുമായി. ലബോറട്ടറി പരിശോധനകൾക്ക് പലതിനും സ്വകാര്യ സ്ഥാപനങ്ങളെക്കാൾ ചാർജ് ഈടാക്കുന്നതായി പരാതിയുണ്ട്. പ്രസവ ചികിത്സ പുനരാരംഭിക്കണമെങ്കിൽ ഗൈനക്കോളിജിസ്റ്റ് സേവനം വേണം. അപ്പോൾ ആശുപത്രി ജീവനക്കാർ പറയുന്നത് പീഡിയാട്രിഷൻ വേണം അങ്ങനെ തുടങ്ങുന്നു നൂലാമാലകൾ.

സി.എച്ച്.സി സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു

നിലവിൽ എൻ.എച്ച്.എം ഉൾപ്പെടെ അഞ്ച് ഡോക്ടർമാരാണ് മുക്കം സി.എച്ച്.സി യിലുള്ളത്. സി.എച്ച്.സി പാറ്റേണിൽ നിലവിൽ ഒഴിവുള്ള തസ്തികകൾ അടിയന്തരമായി നികത്തും. സ്റ്റാഫ് പാറ്റേൺ പുതുക്കുന്നതിനുള്ള നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലാണ്. ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം ആക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. എം.എൽ.എ ഫണ്ടിൽ നിന്നും ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നതിന് നിലവിൽ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

എൻ.ഐ.ടി യുടെ സാങ്കേതിക സഹായത്തോടെ മാസ്റ്റർ പ്ലാൻ ഒരുക്കി. തദ്ദേശഭരണ എൻജിനീയറിംഗ് വിങ്ങിന്റെ നേതൃത്വത്തിൽ വിശദ പദ്ധതി രേഖ തയ്യാറാക്കി. പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കുന്നതിന് മുനിസിപ്പൽ ഭരണ നേതൃത്വത്തിനു കീഴിൽ നിരന്തര ശ്രദ്ധ ഉണ്ടാവും.

ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ പി ടി ബാബു അദ്ധ്യക്ഷനായി. ഡോ. മോഹൻ സ്വാഗതം പറഞ്ഞു. ഡോ. സി.കെ ഷാജി പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ അശ്വതി സനൂജ്,വേണു കല്ലുരുട്ടി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

നിലവിലെ ഡോക്ടർമാരുടെ എണ്ണം 5